ശാന്തിവനം: വൈദ്യുതിലൈന്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തം

Wednesday 15 May 2019 1:22 pm IST

കൊച്ചി: പറവൂരിലെ ശാന്തിവനത്തിലൂടെ കെസ്ഇബി നിര്‍മിക്കുന്ന ഹൈടെന്‍ഷന്‍ ലൈനിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് കെഎസ്ഇബി പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നത്. സലിം അലി ഫൗണ്ടേഷന്‍, പ്രകൃതി സംരക്ഷണവേദി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ ഇന്നലെ ശാന്തിവനത്തിലെത്തി ശാന്തിവനം ഉടമയായ മീന മേനോനും മകള്‍ ഉത്തരയ്ക്കും പൂര്‍ണ പിന്തുണ നല്‍കി.

1.98 ഏക്കര്‍ സ്ഥലത്താണ് ശാന്തിവനം സ്ഥിചെയ്യുന്നത്. തലമുറകളായി 200 വര്‍ഷായി കാത്തുസൂക്ഷിക്കുന്ന വനം പുതിയ തലമുറയ്ക്ക് പ്രകൃതിയെകുറിച്ച് പറഞ്ഞുകൊടുക്കാനുള്ള ഏറ്റവും വലിയ ഉദാഹരണമാണെന്ന് സലിം അലി ഫൗണ്ടേഷന്‍ ട്രസ്റ്റികളായ എം.കെ പ്രസാദും ഡോ.വി.എസ്. വിജയനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശാന്തിവനത്തിലൂടെ കെഎസ്ഇബി 110 കെവി ലൈന്‍ നിര്‍മിക്കുമ്പോള്‍ പ്രകൃതിക്ക് ഉണ്ടാകുന്നത് വന്‍ ആഘാതമാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായും അവര്‍ പറഞ്ഞു. പ്രകൃതിക്ക് കോട്ടം വരുത്തുന്ന കെഎസ്ഇബിയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ശാന്തിവനത്തിന് കോട്ടം തട്ടാത്ത തരത്തില്‍ തങ്ങള്‍ കണ്ടെത്തിയ റൂട്ടിലൂടെ ലൈന്‍ സ്ഥാപിക്കണമെന്നും ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ബദല്‍ മാര്‍ഗത്തിലൂടെ ഹൈടെന്‍ഷന്‍ലൈന്‍കൊണ്ടുപോകാമെന്നിരിക്കെ ശാന്തിവനം നശിപ്പിച്ചുകൊണ്ടേ ലൈന്‍ വലിക്കൂ എന്ന പിടിവാശി ആരുടെയോ സ്ഥലം സംരക്ഷിക്കാനുള്ള ശ്രമമാണെന്ന് പ്രകൃതി സംരക്ഷണ വേദി ചെയര്‍മാന്‍ എം.എന്‍ ജയചന്ദ്രന്‍ ആരോപിച്ചു. വിതരണനഷ്ടം ഒഴിവാക്കി കൂടുതല്‍ ലാഭകരമാക്കിവേണം പദ്ധതി നടപ്പാക്കാനെന്നും പ്രകൃതി സംരക്ഷവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പി.സുധാകരന്‍, എ.ബി. ബിജു, ഏലൂര്‍ ഗോപിനാഥ് പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.