പ്രിയങ്ക ശര്‍മ്മയെ പുറത്തുവിട്ടില്ല: മമതയ്ക്ക് രൂക്ഷ വിമര്‍ശനം

Wednesday 15 May 2019 3:04 pm IST

ന്യൂദല്‍ഹി : പ്രിയങ്ക ശര്‍മ്മയ്ക്ക് ചൊവ്വാഴ്ച തന്നെ ജ്യാമ്യം കൊടുക്കാത്തതില്‍ മമത സര്‍ക്കാരിന് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം. അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത് പ്രഥമ ദൃഷ്ട്യാ സ്വേച്ഛാധിപത്യപരമെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

അതേസമയം സുപ്രീം കോടതി വിധി വന്ന് പതിനെട്ട് മണിക്കൂറുകള്‍ കഴിഞ്ഞും തന്നെ പുറത്തുവിടാത്തതിനെതിരെ കോടതിയില്‍ കേസ് നല്‍കുമെന്ന് ബിജെപി നേതാവ് പ്രിയങ്ക ശര്‍മ്മ വ്യക്തമാക്കി. താന്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. പോലീസ് തയ്യാറാക്കിയ മാപ്പപേക്ഷയില്‍ തന്നെക്കൊണ്ട് ഒപ്പു വയ്പ്പിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഷെയര്‍ ചെയ്‌തെന്ന പേരിലാണ് ബിജെപി വനിത വിഭാഗം നേതാവായ പ്രിയങ്ക ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അവരെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ നടപടി സ്വേച്ഛാധിപത്യപരമാണെന്ന് വ്യക്തമാക്കിയ കോടതി പ്രിയങ്കയെ ഇന്നലെ വിട്ടയയ്ക്കാത്തതെന്തെന്നും ആരാഞ്ഞു. തുടര്‍ന്ന് രാവിലെ ഒമ്പതേമുക്കാലോടെയാണ് സര്‍ക്കാര്‍ പ്രിയങ്കയെ വിട്ടയച്ചത്. 

അതേസമയം ജയിലില്‍ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്ന് പ്രിയങ്ക ശര്‍മ്മ കുറ്റപ്പെടുത്തി. ജയിലര്‍ തന്നെ പിടിച്ച് ഉന്തിയെന്നും അഞ്ചുദിവസവും ആരോടും സംസാരിക്കാനും അവര്‍ അനുവദിച്ചില്ലെന്നും പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയിലാണ് പോലീസ് പ്രിയങ്ക ശര്‍മ്മയെ അറസ്റ്റ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.