ജോലിയില്‍ നിന്ന് പിരിയൂ, 10000 ഡോളര്‍ നേടൂ; ആമസോണിന്റെ ഓഫര്‍

Wednesday 15 May 2019 3:30 pm IST
പാക്കേജ്, ഡെലിവറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ഓഫര്‍ ആമസോണ്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് സ്വന്തമായി പാക്കേജിംഗ്, ഡെലിവറി സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ജോലിയില്‍ നിന്ന് പിരിയുന്ന ജീവനക്കാര്‍ക്കുള്ള ആമസോണിന്റെ ഓഫര്‍ അറിയണമോ. ബിസിനസ് തുടങ്ങുന്നതിനും മറ്റുമായി 10000 ഡോളറാണ്(ഏകദേശം ഏഴ് ലക്ഷം രൂപ) പിരിഞ്ഞു പോകുന്ന വേളയില്‍ ജീവനക്കാര്‍ക്ക് ആമസോണ്‍ നല്‍കുന്നത്. 

പാക്കേജ്, ഡെലിവറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ഓഫര്‍ ആമസോണ്‍ മുന്നോട്ട് വച്ചിരിക്കുന്നത്.  ഈ പണം ഉപയോഗിച്ച് സ്വന്തമായി പാക്കേജിംഗ്, ഡെലിവറി സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. 

സ്വന്തം ഡെലിവറി സ്ഥാപനം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ വേതനം കൂടി നല്‍കിയാണ് കമ്പനി പിരിച്ചുവിടല്‍ നടത്തുന്നത്. കൂടാതെ സ്വന്തം സ്ഥാപനം ആരംഭിക്കുന്നവര്‍ക്ക് സ്ഥിരമായ ഒരു ഡെലിവറി വോളിയം കമ്പനി ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ മോഹങ്ങള്‍ സാധ്യമാക്കാനുള്ള തങ്ങളുടെ പ്രതിബന്ധത കൂടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണമെന്ന് ആമസോണിന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ യുഎസ് തപാല്‍ സര്‍വീസ്, ഫെഡെക്‌സ് എന്നീ സേവനങ്ങളില്‍ ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗം കൂടിയാണ് ആമസോണിന്റെ പുതിയ തീരുമാനം. 

2018 ലാണ് ആമസോണ്‍ ഡെലിവറി സേവന പങ്കാളിത്ത പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. 300,000 ഡോളര്‍ വരെ വരുമാനമാണ് ഇതുവഴി ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 200ലധികം പേരാണ് ആമസോണ്‍ ഡെലിവറി സ്റ്റാര്‍ട്ട് അപ് ആരംഭിച്ചത്. 

ആമസോണിന്റെ ഡെലിവറി സേവന പങ്കാളി പ്രോഗ്രാമിന്റെ ഭാഗമാകാന്‍ പതിനായിരക്കണക്കിന് ആളുകളാണ് അപേക്ഷ അയച്ചതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആമസോണ്‍ ബ്രാന്‍ഡഡ് വാനുകളും യൂണിഫോമുകളും ഇന്‍ഷുറന്‍സ് അടക്കമുള്ള നേട്ടങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

കമ്പനിയുടെ ഡെലിവറി ടെക്‌നോളജിയില്‍ പരിശീലനം, അസറ്റുകളെയും സേവനങ്ങളെയും ഡിസ്‌കൗണ്ടുകളെയും കുറിച്ചുള്ള അവബോധം എന്നിവയും ജീവനക്കാര്‍ക്ക് നല്‍കും. എന്നാല്‍ ലോജിസ്റ്റിക്‌സ് രംഗത്ത് ജീവനക്കാരുടെ എണ്ണം കൂടിയതും, പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് അതിന് സഹായകമാകുന്ന നിലപാടുമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.