അഴിമതി കുടുംബങ്ങളുടെ വരുമാനത്തിന്റെ ഉറവിടം എന്ത്? നരേന്ദ്ര മോദി

Wednesday 15 May 2019 5:56 pm IST

പാട്‌ന: ദല്‍ഹിയിലെയും ബീഹാറിലെയും കോണ്‍ഗ്രസ് അഴിമതി കുടുംബങ്ങള്‍ക്ക് കോടികളുടെ ആസ്തിയാണുള്ളതെന്നും അവര്‍ക്കിത്ര പണം എങ്ങനെ ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ വരുമാനത്തിന്റെ ഉറവിടം എന്താണെന്നും ബീഹാറിലെ പാലിഗഞ്ജില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അദ്ദേഹം ചോദിച്ചു.

ആയിരം കോടിയിലധികം ആസ്തിയുള്ള ഈ കുടുംബങ്ങള്‍ രാജ്യത്തിനു വേണ്ടിയോ പാവപ്പെട്ടവര്‍ക്കു വേണ്ടിയോ എന്തെങ്കിലും ചെയ്യുന്നുണ്ടോ? വലിയ മതിലുകള്‍ തീര്‍ത്ത് അതിനുള്ളിലാണ് അവര്‍ ജീവിക്കുന്നത്. അങ്ങനെയുള്ള അവര്‍ക്ക് പാവപ്പെട്ടവരുടെ വേദന കാണാന്‍ കഴിയില്ല. ഏക്കറുകള്‍ വരുന്ന സ്ഥലം പിടിച്ചെടുക്കുന്നതല്ലാതെ മണ്ണുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല. മോഷ്ടിച്ചെടുക്കുന്ന പണത്തില്‍ മാത്രമാണ് അവര്‍ക്ക് കണ്ണ്, മോദി പറഞ്ഞു.

2020ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് തങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. സൗരോര്‍ജ ഉത്പാദകരായി കര്‍ഷകരെ മാറ്റുന്നതിനുള്ള എല്ലാ സഹായവും അവര്‍ക്ക് ചെയ്തു കൊടുക്കും. കൃഷിഭൂമിയില്‍ നിന്ന് ആഹാര വസ്തുക്കള്‍ മാത്രമല്ല സൗരോര്‍ജവും ഉത്പാദിപ്പിക്കാം. ഇനിമുതല്‍ ബിജെപി സര്‍ക്കാര്‍ ഈ രീതിയിലാവും പ്രവര്‍ത്തിക്കുക, മോദി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങളുമായി താന്‍ ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചെത്തുമെന്നും മോദി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.