ഇറാനില്‍ നിന്ന് എണ്ണ: അന്തിമ തീരുമാനം അടുത്ത സര്‍ക്കാര്‍ വന്ന ശേഷം

Wednesday 15 May 2019 7:17 pm IST

ന്യൂദല്‍ഹി: ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഇന്ത്യ. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ഷെരീഫുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ തീരുമാനമറിയിച്ചത്.

ഇറാനുമായുള്ള ഇടപാടുകളില്‍നിന്ന് മറ്റു രാജ്യങ്ങള്‍ക്ക് നല്‍കിയ ഇളവ് യുഎസ് അവസാനിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ആണവക്കരാറില്‍നിന്ന് പിന്മാറിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാന്റെ നിലപാട് സുഷമയുമായുള്ള കൂടിക്കാഴ്ചയില്‍ ഷെരീഫ് വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ തീരുമാനങ്ങളും വിശദീകരിച്ചു. ഫുജൈറ തീരത്ത് സൗദിയുടെ എണ്ണടാങ്കറുകള്‍ അടക്കം നാലു കപ്പലുകള്‍ക്കുനേരെ ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.   

യുഎസുമായി നിലനില്‍ക്കുന്ന പ്രശ്നത്തില്‍ ഇന്ത്യയുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിലായി റഷ്യ, ചൈന, ഇറാഖ്, തുര്‍ക്ക്‌മെനിസ്താന്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്, ഇറാനുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്കാവശ്യമായ എണ്ണ സൗദി, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ഉറപ്പാക്കുമെന്നും അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.