സീതാന്വേഷണത്തിന് ഇറങ്ങിയ വാനരപ്പട

Thursday 16 May 2019 2:56 am IST

നാലുമാസം നീണ്ട പെരുമഴക്കാലം കഴിഞ്ഞു. ദിക്കുകളെല്ലാം തെളിഞ്ഞു. സീതാന്വേഷണം തുടരാന്‍ സമയമായി. പക്ഷേ രാമനെത്തേടി സുഗ്രീവന്‍ എത്തിയില്ല. 

ഞാന്‍ പോയൊന്ന് അന്വേഷിച്ചു വരാമെന്ന് ലക്ഷ്മണന്‍ പറഞ്ഞു. അതാണു നല്ലതെന്നായിരുന്നു രാമന്റേയും അഭിപ്രായം. 'സുഖലോലുപനാണ് സുഗ്രീവന്‍. അതിനു തക്കതായ സൗകര്യം ലഭിച്ചതോടെ അവന്‍ അലസനായിക്കാണും. എങ്കിലും നീയവനെ വല്ലാതെ ഭയപ്പെടുത്തരുത്. ' രാമന്‍ ലക്ഷ്മണനെ ഉപദേശിച്ചു.  

വൈകാതെ ലക്ഷ്മണന്‍ കിഷ്‌കിന്ധയിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയ ലക്ഷ്മണനെ ദാരപാലകന്മാര്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഞാണൊലി കേട്ട് അവര്‍ ഭയന്നു വിറച്ചു. ഇടിമുഴക്കം പോലുള്ള വില്ലൊലി കേട്ടും ദൂതന്മാര്‍ പറഞ്ഞും കാര്യമറിഞ്ഞ ഹനുമാന്‍ അംഗദനുമായി സംസാരിച്ച ശേഷം താരാദേവിയെ ലക്ഷ്മണന് അരികിലേക്ക് അയച്ചു. ലാളിത്യത്തോടും ശ്രീരാമഭക്തിയോടും  കൂടി ലക്ഷ്മണന് അരികിലെത്തിയ താര തൊഴുെൈകയോടെ കിഷ്‌കിന്ധയിലേക്ക് സ്വാഗതം ചെയ്തു. 

നാലുമാസം നീണ്ട വര്‍ഷകാലം കഴിഞ്ഞു. സീതാന്വേഷണത്തിനുള്ള സമയമായിട്ടും സുഗ്രീവനെ കണ്ടില്ലല്ലോ എന്ന് ലക്ഷ്മണന്‍ താരയോട് പറഞ്ഞു. സുഗ്രീവന്റെ പ്രകൃത്യാലുള്ള അലസതയെക്കുറിച്ചാണ് താരയും പറഞ്ഞത്.  കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് താര ഹനുമാനോട് ആരാഞ്ഞു. ബാലിയുടെ ജീവനെടുത്ത രാമബാണം ഇപ്പോഴും രാമദേവന്റെ ആവനാഴിയില്‍ ഇരിപ്പമുണ്ടെന്നും കിഷ്‌കിന്ധ ഉള്‍പ്പടെ നമ്മെയൊന്നാകെ  ഭസ്മമാക്കാന്‍ അത് പര്യാപ്തമാണെന്നും താര എല്ലാവരേയും ഓര്‍മപ്പെടുത്തി. 

എന്നാല്‍ രാമനെ സഹായിക്കാന്‍ എട്ടു ദിക്കിലുമുള്ള വാനരസൈന്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന വാര്‍ത്തയാണ് ഹനുമാന്‍ താരയേയും ലക്ഷ്മണനേയും അറിയിച്ചത്. പരിശീലനം ലഭിച്ച് യുദ്ധസന്നദ്ധരായി നില്‍ക്കുന്ന സേനയെ പരിശോധിക്കാന്‍ ലക്ഷ്മണനോട് ഹനുമാന്‍ ആവശ്യപ്പെട്ടു. 

താരയും ഹനുമാനും അംഗദനും  ലക്ഷ്മണനെയും കൊണ്ട്  സുഗ്രീവന്റെ അരമനയിലെത്തി. അവിടെ വിഭവസമൃദ്ധമായ വിരുന്ന് ഒരുക്കിയിരുന്നു. എന്നാല്‍ അവയൊന്നും താന്‍ ഭക്ഷിക്കാറില്ലെന്ന് ലക്ഷ്മണന്‍ അറിയിച്ചു. അവയില്‍ പഴങ്ങളെടുത്ത് ജ്യേഷ്ഠന് എത്തിച്ചാല്‍ അതില്‍ ബാക്കി വരുന്നത് താന്‍ ഭക്ഷിച്ചു കൊള്ളാമെന്നും    പറഞ്ഞു. 

അതിനു ശേഷം പലയിടങ്ങളിലായി സംഘടിച്ചിരിക്കുന്ന കോടിക്കണക്കിന് വരുന്ന വാനരസൈന്യത്തെ ലക്ഷ്മണന്‍ സന്ദര്‍ശിച്ചു. ഹനുമാന്റെ തന്ത്രവിദഗ്ധതയേയും സന്നദ്ധതയേയും ലക്ഷ്മണന്‍ ഉള്ളാലെ അഭിനന്ദിച്ചു. ഉടന്‍ തന്നെ ലക്ഷ്മണന്‍ സുഗ്രീവനോടൊരുമിച്ച് രാമസന്നിധിയിലെത്തി. രാമന്റെ അനുവാദത്തോടെ എട്ടു ദിക്കുകളിലേക്കും അനേക ലക്ഷങ്ങള്‍ വീതമുള്ള വാനരക്കൂട്ടത്തെ സീതാന്വേഷണത്തിനായി അയച്ചു.

സുഷേണന്റെ നേതൃത്വത്തിലാണ് പശ്ചിമ ദിക്കിലേക്ക് വാനരപ്പട പോയത്. ഉത്തരദിക്കിലേക്ക് നായകനായി ശതവലിയേയും പൂര്‍വദിക്കിലേക്ക് വിനതനേയും ദക്ഷിണദിക്കിലേക്ക് അംഗദനേയും നിയോഗിച്ചു. പ്രധാനലക്ഷ്യം ദക്ഷിണ ദിശയായതു കൊണ്ട് ഹനുമാന്‍, ജാംബവാന്‍, വിവദന്‍, നളന്‍, നീലന്‍, കുമുദന്‍ തുടങ്ങിയ പ്രമുഖരെയും  പ്രത്യേക ദൗത്യങ്ങള്‍ നല്‍കി അങ്ങോട്ടു നിയോഗിച്ചു.  നിര്‍ദേശങ്ങളെല്ലാം നിഷ്‌കര്‍ഷയോടെ നല്‍കിയത് ലക്ഷ്മണ സുഗ്രീവന്മാരായിരുന്നു. 

എന്നാല്‍ ഹനുമാനു മാത്രമായി ശ്രീരാമന്‍ ചില ഉപദേശങ്ങള്‍ നല്‍കി. ' നീയാണ് സീതാന്വേഷണത്തിന് മുന്‍കൈയെടുക്കേണ്ടത്. സീതയുടേയും എന്റേയും ജീവന്‍ ഒന്നാണ്. ഇപ്പോഴത് നിന്റെ കൈയിലാണ്. നിന്റെ സ്വയം സിദ്ധമായ കര്‍മപാടവം ഉപയോഗിച്ച് നീ സീതാദേവിയെ കണ്ടെത്തണം. നിന്നെ കണ്ടാല്‍ അന്വേഷിച്ചെത്തിയതാണെന്ന് ദേവിക്ക് ഉത്തമവിശ്വാസമുണ്ടാകാന്‍ എന്റെ മുദ്രമോതിരം നീ സൂക്ഷിച്ചു കൊള്ളുക. ചില വാക്യങ്ങളും ഞാന്‍ പഠിപ്പിച്ചു തരാം. അവയെല്ലാം നീ രഹസ്യമായി മനസ്സില്‍ സൂക്ഷിക്കുക. ' രാമന്‍ പറയുന്നതു കേട്ട് ഭക്ത്യാദരങ്ങളോടെ ഹനുമാന്‍ നിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.