പലചരക്കിന്റെ ഓണ്‍ലൈനുമായി ബിഗ് ബാസ്‌കറ്റ് കൊച്ചിയില്‍

Thursday 16 May 2019 3:32 am IST

കൊച്ചി: കര്‍ഷകര്‍ക്ക് സഹായവും ഉപഭോക്താക്കള്‍ക്ക് സേവനവുമായി നിത്യോപയോഗ സാധനങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ബിഗ് ബാസ്‌കറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് കൊച്ചിയിലും. ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ സാധനങ്ങളെത്തിക്കും. കര്‍ഷകരില്‍നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികളും ഉല്‍പ്പന്നങ്ങളുമടക്കം മൂവായിരത്തിലധികം ബ്രാന്‍ഡുകളുടെ 22,000ല്‍പരം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴിയോ ആപ്പ് വഴിയോ വാങ്ങാം. 1200 രൂപയ്ക്ക് 30 രൂപയാണ് വിതരണത്തിന് ഈടാക്കുക. അതിനു മുകളില്‍ തുകയ്ക്ക് സൗജന്യമാണ് വിതരണം. 

മലയാളിയായ ഹരി മേനോന്‍ ചീഫ് എക്‌സിക്യൂട്ടീവായ ബിഗ്ബാസ്‌കറ്റ് പലചരക്ക് സൂപ്പര്‍മാര്‍ക്കറ്റിന് ഇന്ത്യയില്‍ ഇതോടെ 26 നഗരങ്ങളില്‍ സേവനമാകും. ദിവസം ഒരു ലക്ഷത്തിലധികം ഓര്‍ഡര്‍ നേടുന്ന ബിബിക്ക് 12 ദശലക്ഷം രജിസ്‌ട്രേഡ് ഉപഭോക്താക്കളുണ്ട്. 

ബിഗ് ബാസ്‌കറ്റിന് കര്‍ഷകരെ സഹായിക്കുക എന്ന സാമൂഹ്യ ബാധ്യതയുമുണ്ടെന്ന് ഹരി മേനോന്‍ പറഞ്ഞു. കര്‍ഷകരില്‍നിന്ന് നേരിട്ട്  പഴവും പച്ചക്കറികളും വാങ്ങും. അവര്‍ക്ക് ഇടനിലക്കാരില്ലാതെ അര്‍ഹമായ പ്രതിഫലം ബാങ്കുവഴി പിറ്റേന്ന് ലഭ്യമാക്കും. കര്‍ഷകരുടെ ട്രസ്റ്റ് ഉണ്ടാക്കും. 

പഴവും പച്ചക്കറിയും കൂടാതെ പാലിന്റെ വിതരണവുമുണ്ടാകും. പാല്‍വിതരണത്തിന് ബിബി ഡെയ്‌ലി എന്നാവും പേര്. ഇതിന് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കും. സ്വദേശത്തേയും വിദേശത്തേയും മികച്ച സൗന്ദര്യ വസ്തുക്കള്‍ ലഭ്യമാക്കുന്ന ബിബി ബ്യൂട്ടി സംവിധാനവും തുടങ്ങും. 

പൊന്നാനി സ്വദേശിയായ ഹരി മേനോന്‍ ജന്മംകൊണ്ട് പാലക്കാട്ടുകാരനാണ്. 3200 കോടി രൂപ ടേണോവറുള്ള കമ്പനിയാണ് ഇപ്പോള്‍ ബിഗ് ബാസ്‌കറ്റ്. അടുത്ത സാമ്പത്തികവര്‍ഷം 7000 കോടി രൂപ ടേണോവറാണ് ലക്ഷ്യമെന്ന് മേനോന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.