പശ്ചിമ ബംഗാളിലെ കിരാത ഭരണം

Thursday 16 May 2019 4:30 am IST
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനാര്‍ജി മുഖ്യമന്ത്രിയായതോടെ ബംഗാളില്‍ സിപിഎം നയിച്ച ഭരണത്തിന്റെ നേര്‍പകര്‍പ്പായി. തന്നിഷ്ടവും ധിക്കാരവും മാത്രം നയവും പരിപാടിയുമായി തുടരുന്ന ഭരണകര്‍ത്താക്കള്‍ ജനാധിപത്യത്തിന്റെ ഘാതകരായി.

ശ്രീരാമകൃഷ്ണന്റെയും സ്വാമി വിവേകാനന്ദന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെയും ജന്മനാടും കര്‍മ്മഭൂമിയുമാണ് പശ്ചിമ ബംഗാള്‍. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹിത്യത്തിന്റെയും വിളനിലമായ ബംഗാള്‍ ഇന്ന് കലാപത്തിന്റെയും വിദ്വേഷത്തിന്റെയും ഭൂമിയായി മാറിയിരിക്കുകയാണ്. 1977 മുതല്‍ സിപിഎം നേതൃത്വത്തില്‍ നടന്ന ഭരണം കയ്യൂക്കിന്റെയും കൊലപാതകത്തിന്റെയും ഭൂമികയായി ബംഗാളിനെ മാറ്റി. 34 വര്‍ഷത്തിന്‌ശേഷം ഇടത് മുന്നണിയെ മാറ്റിയ ജനങ്ങള്‍ക്ക് ലഭിച്ചത് കിരാത ഭരണമാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനാര്‍ജി മുഖ്യമന്ത്രിയായതോടെ ബംഗാളില്‍ സിപിഎം നയിച്ച ഭരണത്തിന്റെ നേര്‍പകര്‍പ്പായി. തന്നിഷ്ടവും ധിക്കാരവും മാത്രം നയവും പരിപാടിയുമായി തുടരുന്ന ഭരണകര്‍ത്താക്കള്‍ ജനാധിപത്യത്തിന്റെ ഘാതകരായി. മറ്റു പാര്‍ട്ടികളെയെല്ലാം ശത്രുക്കളായി പ്രഖ്യാപിച്ചാണ് അവര്‍ മുന്നോട്ടുപോകുന്നത്. സിപിഎമ്മിനെ കായികമായി നേരിടുന്നതിന് നേതൃത്വം നല്‍കിയ മമത ബാനര്‍ജിയും ഭരണകൂടവും ബിജെപിയെയാണ് ഇപ്പോള്‍ മുഖ്യശത്രുവായി പ്രഖ്യാപിച്ചരിക്കുന്നത്.

ബിജെപി പ്രസിഡന്റ് അമിത്ഷായെ ബംഗാളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഇലക്ഷന്‍ കമ്മീഷനും മറ്റും ഇടപെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ റോഡ് ഷോ അലങ്കോലപ്പെടുത്താനും അടിച്ചുതകര്‍ക്കാനും ആസൂത്രിത നീക്കം നടത്തി. ഗുണ്ടകളെ ഉപയോഗിച്ച് നിരവധി പേരെ അടിച്ചുവീഴ്ത്തി. കൊടിതോരണങ്ങളും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു. നവോത്ഥാന നായകനായ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ സ്മാരകമായ കോളേജില്‍ തമ്പടിച്ച തൃണമൂല്‍ വിദ്യാര്‍ത്ഥി സംഘത്തെ തുറന്നുവിട്ട് റോഡ്‌ഷോയെ നേരിട്ടു. കോളേജിലുണ്ടായിരുന്ന വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തശേഷം അതിന്റെ കുറ്റം ബിജെപിക്കുമേല്‍ ചാര്‍ത്തി. പരാജയഭീതി പൂണ്ട മമത ബാനര്‍ജി ഏതറ്റം വരെയും പോകാന്‍ തയ്യാറെടുക്കുകയാണ്. ഭ്രാന്തിളകിയ മട്ടിലാണ് അവരുടെ പ്രവര്‍ത്തനം.

അമിത് ഷാ റാലി നടത്തിയ അതേ പാതയിലൂടെ റാലി നടത്തുമെന്ന് മമത പ്രഖ്യാപിച്ചു. കൊല്‍ക്കത്ത സര്‍വകലാശാലയുടെ പരിസരത്ത് നിന്ന് തുടങ്ങി, വിദ്യാസാഗര്‍ കോളേജ് വഴി കോളേജ് സ്ട്രീറ്റ് വരെയാകും മമതാ ബാനര്‍ജിയുടെ മറുപടി റാലിയെന്നാണ് പ്രഖ്യാപനം. ഈശ്വര്‍ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്നും ആ ആരോപണം ബിജെപിക്ക് മേല്‍ കെട്ടിവയ്ക്കുകയാണ് തൃണമൂല്‍ എന്നും അമിത് ഷാ ആരോപിച്ചിട്ടുണ്ട്. അക്രമത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ യോഗി ആദിത്യനാഥിനെ പ്രചാരണത്തില്‍ നിന്ന് വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍, അക്രമം അഴിച്ചുവിട്ട മമതാ ബാനര്‍ജിക്കെതിരെ വിലക്ക് ഏര്‍പ്പെടുത്താത്തതെന്താണെന്ന അമിത് ഷായുടെ ചോദ്യത്തിന് മറുപടി ഉണ്ടായിട്ടില്ല. 

''ഇത് വെറും അക്രമമായിരുന്നില്ല. ഇവിടെ രാഷ്ട്രപതി ഭരണം വേണ്ട, ജനങ്ങള്‍ തന്നെ ഇവരുടെ ഭരണം അവസാനിപ്പിക്കും. ദേശവ്യാപകമായി ബിജെപി റാലികള്‍ നടത്തുന്നു. എന്നാല്‍ പശ്ചിമബംഗാളില്‍ മാത്രം അക്രമമുണ്ടാകുന്നു. എന്തുകൊണ്ട്? തൃണമൂലാണ് കാരണം'', അമിത് ഷാ ആരോപിച്ചു. 

ബിജെപിയാണ് അക്രമങ്ങള്‍ നടത്തുന്നതെങ്കില്‍ അത് മറ്റു സംസ്ഥാനങ്ങളിലും ഉണ്ടാവേണ്ടതായിരുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായ ആറ് ഘട്ടങ്ങളിലും ബംഗാളില്‍ മാത്രമാണ് അക്രമ സംഭവങ്ങളുണ്ടായത്. മമതാ ബാനര്‍ജി പറയുന്നത് ബിജെപിയാണ് അക്രമങ്ങള്‍ക്കു പിന്നിലെന്നാണ്. പക്ഷേ, തൃണമൂല്‍ മത്സരിക്കുന്നിടത്ത് മാത്രമാണ് അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത്. 

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസ് നിഷ്‌ക്രിയമായി നില്‍ക്കുകയായിരുന്നു. ബിജെപിയുടെ റോഡ് ഷോയ്ക്ക് മണിക്കൂറുകള്‍ക്കു മുന്‍പ് ബിജെപിയുടെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ വലിയ ശ്രമങ്ങളുണ്ടായെങ്കിലും അവര്‍ അതില്‍ വിജയിച്ചില്ല. പൗരാവകാശത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വലിയവായില്‍ സംസാരിക്കുന്ന പ്രസ്ഥാനങ്ങളെല്ലാം ബംഗാളിലെ കിരാത ഭരണത്തെക്കുറിച്ച് മൗനം പാലിക്കുന്നതാണ് വിചിത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.