വര്‍ഗീയത വീഴുമോ?

Thursday 16 May 2019 3:58 am IST
വിദ്വേഷം വളര്‍ത്തി മതപരമായ വോട്ടിന്റെ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ശൈലി രാഷ്ട്രീയപാര്‍ട്ടികള്‍ അവസാനിപ്പിക്കണം. സമുദായങ്ങള്‍ക്ക് അവകാശങ്ങള്‍ ചോദിക്കാനും അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താനും അവകാശമുണ്ട്. അത് നഷ്ടപ്പെടുമ്പോള്‍ സര്‍ക്കാരുമായി വഴക്കിടാം, തര്‍ക്കിക്കാം, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാം. ഇതിനെ വര്‍ഗ്ഗീയതയെന്ന് ആരോപിച്ച് ന്യൂനപക്ഷ സമുദായത്തില്‍ വിഭ്രാന്തി ഉണ്ടാക്കി വോട്ട് തേടുന്നത് അപകടമാണ്.

ലോകത്ത് എവിടെ ഭീകരസ്‌ഫോടനം ഉണ്ടായാലും വേരുകള്‍ കേരളത്തില്‍ അന്വേഷിക്കുന്ന ഭീതിജനകമായ അവസ്ഥയാണിന്ന്. എന്നിട്ടും കള്ളവോട്ടിനെ ദിവസങ്ങളോളം ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ ഇത് അറിഞ്ഞതായി നടിക്കുന്നില്ല. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റും പുറത്തുവന്ന സ്‌ഫോടനപദ്ധതികളും ചര്‍ച്ചചെയ്തുമില്ല.

വടക്കെ ഇന്ത്യയിലെ വര്‍ഗ്ഗീയ കലാപത്തെക്കുറിച്ച് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോള്‍ കേരളത്തില്‍ തഴച്ചുവളരുന്ന വര്‍ഗ്ഗീയതയുടെ അടിവേരുകള്‍ കണ്ടെത്താന്‍ നാം ശ്രമിക്കാത്തതെന്തുകൊണ്ട്? വടക്കേ ഇന്ത്യയിലെ വര്‍ഗ്ഗീയലഹളക്ക് ഏറെ ചരിത്രപശ്ചാത്തലമുണ്ട്.  മുഗളഭരണത്തിലെ പീഡനവും വിഭജനത്തിന്റെ കൊടുംക്രൂരതയും അനുഭവിച്ചവരാണ് വടക്കേ ഇന്ത്യക്കാര്‍. അവരുടെ മതവും വിശ്വാസവുമാണ് അവരെ ഇന്ത്യയില്‍ സുരക്ഷിതരാക്കുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമാണ് കേരളം.  

1921 ലെ മാപ്പിളലഹളക്ക് ശേഷം കേരളത്തില്‍ പറയത്തക്ക മതലഹളയോ കലാപമോ ഉണ്ടായിട്ടില്ല.  ഭൂരിപക്ഷ സമൂഹത്തില്‍ നടന്ന അദ്ധ്യാത്മികനവോത്ഥാനമാണ് ഇതിന് കാരണം. ആ നവോത്ഥാനം സൃഷ്ടിച്ച സാമൂഹ്യസമരസതക്ക് കുറുകെനിന്ന്  പ്രീണനത്തിന്റെ രാഷ്ട്രീയവുമായി മാറിമാറി വന്ന ഭരണകൂടങ്ങള്‍ മതപരമായ പക്ഷപാതിത്വം സ്വീകരിച്ചപ്പോഴാണ് കേരളീയ സമൂഹത്തില്‍ വിദ്വേഷത്തിന്റെ തീക്കനല്‍ എരിയാന്‍ തുടങ്ങിയത്. ഈ തീക്കനലില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ് മുഖ്യ രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്നും കൈകൊള്ളുന്നത്.

സഹനത്തിനും അതിരുണ്ട് എന്നു ചിന്തിക്കുമ്പോഴും ആയുധത്തിന്റെ ആവനാഴി പരിശോധിക്കാന്‍ ഒരിക്കലും ഭൂരിപക്ഷ സമൂഹം ശ്രമിക്കാത്തത് ആധ്യാത്മികനവോത്ഥാനത്തിന്റെ തേജസ്സ് ഇന്നും നിലനില്‍ക്കുന്നതുകൊണ്ടാണ്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ഉഴുതുമറിച്ച മണ്ണില്‍ വൈരുധ്യാത്മകഭൗതികവാദത്തിന്റെ വിത്തു മുളച്ചതാണ് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന തോന്നല്‍ അല്‍പ്പബുദ്ധിയുടെ വീക്ഷണമാണ്. മാറാട് രണ്ടാം കലാപത്തിന്റെ നാളുകള്‍  ഉദാഹരണം. വൈരുദ്ധ്യാത്മക ഭൗതികവാദം പറഞ്ഞിട്ടോ ഭൗതികവാദികളുടെ ആഹ്വാനം കേട്ടിട്ടോ ആയിരുന്നില്ല കേരളത്തില്‍ സംയമനം ഉണ്ടായത്.

കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശക്തികളുടെ സഹനസംയമനമായിരുന്നു കാരണം. കുപ്രചരണങ്ങള്‍ നടത്തുന്നവര്‍, ആയുധങ്ങള്‍ കൊടുത്തയച്ചവരെയും കൃത്യത്തിനുശേഷം അക്രമികളെയും അവരുടെ ആയുധങ്ങളെയും ഒളിപ്പിക്കാന്‍ ശ്രമിച്ചവരെയും  മതേതരവാദികളായി അവതരിപ്പിക്കുമ്പോള്‍ സംയമനത്തിനു ശ്രമിച്ച കുമ്മനമടക്കമുള്ളവരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്നു. 

കേരളത്തില്‍ ഇന്നുവരെ നടന്നിട്ടുള്ള വര്‍ഗ്ഗീയലഹളയെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. ഇ.ജെ തോമസ് 'വര്‍ഗ്ഗീയതയോ മതരാഷ്ട്രീയതയോ' എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ചാലില്‍ കലാപം, പൂവ്വാര്‍ കലാപം, മലപ്പുറത്തെ തീരപ്രദേശങ്ങളിലും, നാദാപുരത്തും, പൂന്തുറയിലും നടന്ന വര്‍ഗ്ഗീയകലാപങ്ങള്‍ എല്ലാം സൃഷ്ടിച്ചത്  സിപിഎം-കോണ്‍ഗ്രസ്- ലീഗ് രാഷ്ട്രീയപാര്‍ട്ടികളാണ്. വര്‍ഗ്ഗീയതയുടെ പേരില്‍ വര്‍ഗ്ഗശത്രുവായി ചിത്രീകരക്കപ്പെടുന്ന ബിജെപി കേരളത്തില്‍ ഇതുവരെ ഒരു മതലഹളക്കോ വര്‍ഗ്ഗീയ ചേരിതിരിവിനോ കലാപത്തിനോ ശ്രമിച്ച ''കേരളത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരത്തില്‍ നില്‍ക്കുവാനും തുടരുവാനുമുള്ള വ്യഗ്രതയില്‍ ആദര്‍ശം വിസ്മരിച്ച് അവിശുദ്ധ മാര്‍ഗ്ഗത്തെ അവലംബിച്ചതാണ് വര്‍ഗ്ഗീയതയും മതലഹളയും ഉണ്ടാകാന്‍ കാരണം എന്നും അദ്ദേഹം പറയുന്നു. 

 തലശ്ശേരി കലാപം നടക്കുന്ന കാലത്ത് സംഘപരിവാര്‍ കേരളത്തിലും തലശ്ശേരിയിലും നാമമാത്രമായിരുന്നു. കലാപത്തില്‍ 33 മുസ്ലീംപള്ളികള്‍ തകര്‍ത്തു എന്നാണ് രേഖകള്‍. 500നു മുകളില്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ പ്രതികളില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് സഖാക്കളായിരുന്നു. മുസ്ലീം പണ്ഡിതന്മാര്‍ പലപ്പോഴും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.  തകര്‍ക്കപ്പെട്ട ഒരു പളളി സ്ഥിതിചെയ്തിരുന്നത് പിണറായി ഗ്രാമത്തിലാണ്. മുഖ്യപ്രതി പിണറായി വിജയന്റെ സഹോദരന്‍ പിണറായി കുമാരനായിരുന്നു. 

ലഹളയും കലാപവും സൃഷ്ടിച്ച സിപിഎം, പ്രതികളെ സംരക്ഷിച്ചുകൊണ്ടു കുറ്റവാളികളെ ന്യൂനപക്ഷ സംരക്ഷകരായി പ്രഖ്യാപിച്ച് പ്രചരണം നടത്തി. കമ്മ്യൂണിസ്റ്റുകള്‍ എന്നും കുപ്രചരണത്തില്‍ വിദഗ്ധരാണല്ലോ. ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. ന്യൂനപക്ഷസമൂഹത്തില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവരും ഭൂരിപക്ഷത്തില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവരും പ്രത്യക്ഷമായി ഒന്നും ചെയ്യാന്‍ ശ്രമിക്കുന്നില്ല. ഇതാണ് കുപ്രചരണങ്ങള്‍ പ്രചരിക്കുവാനും വിശ്വസിക്കുവാനും കാരണമാകുന്നത്.  ജനാധിപത്യവും രാജ്യസുരക്ഷയും സംരക്ഷിക്കാന്‍ പാര്‍ലമെന്റും ഭരണഘടനയും സൈന്യവും കഴിഞ്ഞാല്‍ നാലാമത്തെ ശക്തി ആര്‍.എസ്.എസ്സാണെന്ന ജസ്റ്റിസ് കെ.ടി. തോമസിന്റെ പ്രസ്താവന എന്തുകൊണ്ട് കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ശബരിമല വര്‍ഗ്ഗീയതയോ?

 കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയം ശബരിമലയായിരുന്നു. ശബരിമല ഉച്ചരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറെക്കൊണ്ട് പറയിച്ചതും നടപടികളെടുപ്പിച്ചതും യാദൃശ്ചികമായിരുന്നില്ല. ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുത്ത അവതാരകരടക്കമുള്ള രാഷ്ട്രീയനിരീക്ഷകര്‍ ശബരിമല വിഷയത്തിലൂടെ ബിജെപി കേരളത്തില്‍ വര്‍ഗ്ഗീയത കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ത്തി. ഈ പശ്ചാത്തലത്തില്‍ ശബരിമല ഒരു വര്‍ഗ്ഗീയവിഷയമാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്.

ശബരിമല അയ്യപ്പന്‍ ഒരു മതേതര ദൈവമാണെന്ന് ഇതിനുമുമ്പ് വാദിച്ചവരാണ് ഇപ്പോള്‍ ശബരിമലയെ വര്‍ഗ്ഗീയതയായി പ്രഖ്യാപിക്കുന്നത്. ശബരിമലയില്‍ നടന്നത് സര്‍ക്കാരിന്റെ വീഴ്ചയും അതിനെതിരെയുള്ള വികാരവുമായിരുന്നു. സര്‍ക്കാരിനെതിരെ വിശ്വാസികള്‍ പ്രതികരിക്കുന്നത് എങ്ങനെയാണ് വര്‍ഗ്ഗീയതയാവുന്നത്? പരമതനിന്ദയോ വിദ്വേഷമോ ശബരിമല പ്രതിഷേധത്തില്‍ ഉണ്ടായിട്ടില്ല. മറ്റു മതങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ എതിരായി ആരും ആക്ഷേപം ഉയര്‍ത്തിയിട്ടില്ല. വാവര്‍ നടയിലോ പള്ളിയിലോ പ്രതിഷേധം ഉണ്ടായിട്ടില്ല. പിന്നെങ്ങനെയാണ് മതസംഘര്‍ഷമായും വര്‍ഗ്ഗീയതയായും ശബരിമല പ്രക്ഷോഭത്തെ ചിത്രീകരിക്കാന്‍ കഴിയുക? 

സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ വിശ്വാസികള്‍ പ്രതിഷേധിച്ചാല്‍ അത് വര്‍ഗ്ഗീയതയാകുമെങ്കില്‍ കേരളത്തില്‍ ഏറ്റവും വലിയ വര്‍ഗ്ഗീയത ഉണ്ടാക്കുന്നത് ക്രൈസ്തവസഭയാണെന്ന് പറയേണ്ടിവരും. മദ്യവിമോചനത്തിനും പ്രാര്‍ത്ഥനസ്വാതന്ത്ര്യത്തിനും കുരിശ് സ്ഥാപിക്കുവാനും പള്ളി വിട്ടുകിട്ടുവാനുമായി എത്രയോ പ്രതിഷേധസമരങ്ങള്‍ ക്രൈസ്തവസഭ നടത്തിയിട്ടുണ്ട്. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇന്നുവരെ ഇതൊന്നും വര്‍ഗ്ഗീയതയായി ആരും പറഞ്ഞിട്ടില്ലാതിരിക്കെ ശബരിമല പ്രക്ഷോഭം മാത്രം വര്‍ഗ്ഗീയതയായി ചിത്രീകരിക്കുന്നതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ടയാണെന്ന യാഥാര്‍ത്ഥ്യം മലയാളി തിരിച്ചറിയണം.

ഇടയന്റെ മനസ്സില്‍ വിദ്വേഷവും പരിഭ്രാന്തിയും സൃഷ്ടിച്ച് ആടുകളെ ചിതറിച്ച് സ്വന്തം പക്ഷത്തേക്ക് ഓടിച്ച് കയറ്റി ഉണ്ടാക്കുന്ന ന്യൂനപക്ഷ കണ്‍സോളിഡേഷന്‍ താല്‍ക്കാലികനേട്ടം ഉണ്ടാക്കാമെങ്കിലും  ഭാവിയില്‍ തടയാനാകാത്ത വിപത്തായി  മാറാന്‍ ഇടയുണ്ട്. ന്യൂനപക്ഷ സമൂഹം ഭൂരിപക്ഷത്തിനെതിരെ എന്തിന് സംഘടിക്കുന്നു എന്ന് ഭൂരിപക്ഷം ചിന്തിക്കുകയും അതനുസരിച്ച് അവര്‍ പ്രതികരിക്കുകയും ചെയ്താല്‍ തടുക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്ന് വരില്ല.

ഭൂരിപക്ഷസമുദായത്തെ ചിതറിക്കാമെന്ന മുഖ്യ രാഷ്ട്രീയപാര്‍ട്ടികളുടെ മോഹം നടക്കണമെന്നും ഇല്ല. അതുകൊണ്ട് വിദ്വേഷം വളര്‍ത്തി മതപരമായ വോട്ടിന്റെ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അത് അവസാനിപ്പിക്കണം.  സമുദായങ്ങള്‍ക്ക് അവകാശങ്ങള്‍ ചോദിക്കാനും അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താനും അവകാശമുണ്ട്. അത് നഷ്ടപ്പെടുമ്പോള്‍ സര്‍ക്കാരുമായി വഴക്കിടാം, തര്‍ക്കിക്കാം. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാം. ഇതിനെ വര്‍ഗ്ഗീയതയെന്ന് ആരോപിച്ച് ന്യൂനപക്ഷ സമുദായത്തില്‍ വിഭ്രാന്തി ഉണ്ടാക്കി വോട്ട് തേടുന്നത് അപകടമാണ്.

കേരളം വര്‍ഗ്ഗീയവിമുക്തമാകണം

ഉത്തരേന്ത്യയിലെ ഇടുങ്ങിയ ഇടവഴികളില്‍ കാലങ്ങളായി നടന്നുവരുന്ന ഈര്‍ഷ്യയുടെ വര്‍ത്തമാന ലഹളകള്‍ എരിവും പുളിയും ചേര്‍ത്ത് കേരളത്തില്‍ പ്രചരിപ്പിക്കുകയും അതിലൂടെ സ്‌നേഹവും സൗഹൃദവും നഷ്ടപ്പെടുത്തി അയല്‍ക്കാരനെ വിദ്വേഷത്തോടെ കാണുന്ന മനസ്സ് മലയാളിക്ക് ബോധപൂര്‍വ്വം സമ്മാനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്നത്തെ സാമൂഹിക അവസ്ഥ ഇല്ലാതാകണം.

ന്യൂനപക്ഷ കണ്‍സോളിഡേഷന്‍ രാഷ്ട്രീയമായി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കക്ഷികളുടെ നാവായി മാറാനും മാറ്റാതിരിക്കാനും ന്യൂനപക്ഷമതങ്ങള്‍ സ്വയം തീരുമാനമെടുക്കണം. ഒരു ചോദ്യം സ്വാഭാവികമായി ഉയരുന്നു. എന്തിനാണ് ഏതെങ്കിലും പാര്‍ട്ടിക്കെതിരെ നെഗറ്റീവായ രാഷ്ട്രീയ ലക്ഷ്യം വച്ച്  വോട്ട് കണ്‍സോളിഡേഷന്‍ ഉണ്ടാക്കുന്നത്? ഇതവസാനിപ്പിക്കാന്‍ മതനേതൃത്വങ്ങള്‍ തയ്യാറാവണം. വര്‍ഗ്ഗീയത വീഴണമെങ്കില്‍ ഭാവാത്മകമായ പ്രതികരണം രാഷ്ട്രീയത്തിനതീതമായ സമൂഹനന്മയെ ലക്ഷ്യമാക്കി ഉണ്ടാക്കുകയും  വര്‍ഗ്ഗീയത വളരുകയാണോ വീഴുകയാണോ എന്ന് സ്വയംവിമര്‍ശനത്തോടെ വിലയിരുത്തി  പ്രതികരിക്കാന്‍ തയ്യാറാവുകയും വേണം.     

ചരിത്രത്തിന്റെ ഗതിവിഗതികള്‍ തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് മനസ്സിലാക്കി വസ്തുതകളെ വളച്ചൊടിക്കാനും സ്വാധീനം ഉറപ്പിക്കാനും എല്ലാ കാലത്തും നാടുവാഴികള്‍ ശ്രമിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. മലയാളിയുടെ മനസ്സും മസ്തിഷ്‌കവും കീഴടക്കി സ്വത്വബോധത്തെ തങ്ങള്‍ക്കധീനമാക്കി ചിന്തിപ്പിക്കാന്‍ കൊണ്ടുവരുന്ന മുദ്രാവാക്യങ്ങളില്‍ അഭിരമിക്കാതെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ മലയാളിക്കു കഴിയണം. ഭാവി തലമുറ ആവശ്യപ്പെടുന്നത്  അതാണ്. 

(ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയും വക്താവുമാണു ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.