രാമേട്ടന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ

Thursday 16 May 2019 4:13 am IST

അത്യുത്തര കേരളമായ കാസര്‍കോട്ട് അജന്ത സ്റ്റുഡിയോയെയും രാമേട്ടനെയും അറിയാത്തവരില്ല. അദ്ദേഹത്തിന്റെ മുന്നില്‍ പുഞ്ചിരിയോടെ നിന്ന യുവതീയുവാക്കള്‍ ആയിരങ്ങള്‍ വരും.  കാസര്‍കോട് ജില്ല പിറക്കുംമുന്‍പ് കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കാസര്‍കോട് താലൂക്കിലെ ഏക സ്റ്റുഡിയോ ആണ് അജന്ത. വ്യവസായിയായ ഗണപത് നായ്ക് ആണ് ഉടമ. തൃശൂരില്‍ നിന്നു നന്നെ ചെറുപ്പത്തില്‍ കാസര്‍കോട് എത്തിയ ടി.രാമന്‍ എന്ന രാമന്‍ മേനോന്‍ അവിടെ ജീവനക്കാരനായി. രാമന്റെ ജോലിയില്‍ ഗണപത് നായ്ക് സംതൃപ്തനായി. 1962ല്‍ അജന്ത സ്റ്റുഡിയോ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ രാമനെ ഏല്‍പ്പിക്കുകയായിരുന്നു. 

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ജനസംഘത്തിന്റെയും ആരംഭകാലം മുതല്‍ തന്നെ ഗണപത് നായക് അതിന്റെ പ്രവര്‍ത്തനത്തിലും പ്രചാരണത്തിലും നല്ല പങ്ക് വഹിച്ചു. സ്വാഭാവികമായും രാമനും അതില്‍ ആകൃഷ്ടനായി. ജനസംഘത്തിന്റെ ടൗണ്‍ കമ്മറ്റി പ്രസിഡന്റായിരിക്കെ നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യമായി കാസര്‍കോട് നഗരസഭയില്‍ ജനസംഘത്തിന് പ്രതിനിധികളുണ്ടായി. 

സംഘ പ്രസ്ഥാനങ്ങളുടെ കാസര്‍കോട് ടൗണിലെ അത്താണിയും ആശ്രയകേന്ദ്രവുമായ അജന്താ സ്റ്റുഡിയോയുടെ അതിഥികളാകാന്‍ വര്‍ഷങ്ങളോളം പി. പരമേശ്വരന്‍, ഒ.രാജഗോപാല്‍, കെ.ജി.മാരാര്‍, ആര്‍. ഹരി, കെ. ഭാസ്‌കരറാവു തുടങ്ങി ഒട്ടനവധി പേര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ പ്രവര്‍ത്തകര്‍ക്കും പ്രചാരകര്‍ക്കും രാമേട്ടന്‍ ആശ്രയമൊരുക്കി. 

അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതുന്നവരുടെ അത്താണിയായ രാമേട്ടന്‍ ലോക്‌സംഘര്‍ഷ സമിതി ആരംഭിച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്ത് 1975 സപ്തംബര്‍ 22ന് സമരസംഘത്തെ നയിച്ച് അറസ്റ്റ് വരിച്ചു. രണ്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. കാസര്‍കോട് ടൗണ്‍ ബിജെപി പ്രസിഡന്റ,് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. കാസര്‍കോട് ടൗണ്‍ സര്‍വീസ് കോഓപ്പറേറ്റീവ് ഡയറക്ടര്‍, കാസര്‍കോട് ധര്‍മശാസ്താ സേവാ സംഘം സ്ഥാപക പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. തൃശൂര്‍ സ്വദേശിയാണ്.

 സേവന പ്രവര്‍ത്തനങ്ങളിലും പ്രസ്ഥാനത്തിന്റെ ദൈനംദിന പ്രയത്‌നങ്ങളിലും മുഴുകിയ രാമേട്ടന്‍ വൈവാഹിക ജീവിതത്തെക്കുറിച്ച് ചിന്തിച്ചത് വൈകിയാണ്. കോഴിക്കോട് സ്വദേശി സാവിത്രിയെ വിവാഹം ചെയ്തു.  സന്താനങ്ങളില്ല. 2008ല്‍ സാവിത്രി അന്തരിച്ചശേഷം ഏതാണ്ട് ഏകാന്തജീവിതം തന്നെയായിരുന്നു. രാഷ്ട്രീയമോ സമുദായമോ കാര്യമാക്കാതെ എല്ലാവരെയും സ്‌നേഹിച്ച രാമേട്ടന്‍ ഇന്നലെ പുലര്‍ച്ചെ അന്തരിക്കുമ്പോള്‍ 90 വയസ്സായിരുന്നു. സുദീര്‍ഘമായ ജീവിതം രാജ്യത്തെക്കുറിച്ചും ജനങ്ങളുടെ സംതൃപ്തിയെക്കുറിച്ചും മാത്രമെ ചിന്തിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ വിയോഗം കാസര്‍കോടിന്റെ പൊതുജീവിതത്തിനു വലിയ നഷ്ടമാണ്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.