മുന്നൂറ് കടക്കുമെന്ന് അമിത് ഷാ; തോല്‍വിക്ക് കോണ്‍ഗ്രസ് കാരണക്കാരെ കണ്ടെത്തിയെന്ന് മോദി

Wednesday 15 May 2019 9:21 pm IST
തോല്‍വിക്ക് കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ് രണ്ട് ബാറ്റ്‌സ്മാന്‍മാരെ കളത്തിലിറക്കിയെന്ന് സാം പിത്രോദയെയും മണി ശങ്കര്‍ അയ്യരെയും പരോക്ഷമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പരിഹസിച്ചു. സിഖ് വിരുദ്ധ കലാപം സംബന്ധിച്ച പിത്രോദയുടെയും മോദിക്കെതിരായ അയ്യരുടെയും പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു.

ന്യൂദല്‍ഹി: ആറാം ഘട്ട വോട്ടെടുപ്പില്‍ത്തന്നെ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചതായി അധ്യക്ഷന്‍ അമിത് ഷാ. അവസാനവട്ട വോട്ടെടുപ്പ് കഴിയുന്നതോടെ പാര്‍ട്ടി മൂന്നൂറ് സീറ്റ് കടക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

തോല്‍വിക്ക് കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ് രണ്ട് ബാറ്റ്‌സ്മാന്‍മാരെ കളത്തിലിറക്കിയെന്ന് സാം പിത്രോദയെയും മണി ശങ്കര്‍ അയ്യരെയും പരോക്ഷമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പരിഹസിച്ചു. സിഖ് വിരുദ്ധ കലാപം സംബന്ധിച്ച പിത്രോദയുടെയും മോദിക്കെതിരായ അയ്യരുടെയും പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. 

രാഹുല്‍ ഗാന്ധിയില്‍നിന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഒഴിവാക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് മോദി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ചൂണ്ടിക്കാട്ടി. രാഹുലിന്റെ വിശ്വസ്തനായ പിത്രോദയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ്സിന് തള്ളിപ്പറയേണ്ടി വന്നിരുന്നു.

പിത്രോദ മാപ്പ് പറയുകയും ചെയ്തു. മോദിയെ നീചനെന്ന് വിളിച്ച മണി ശങ്കര്‍ അയ്യരുടെ നടപടിയില്‍നിന്നും അകലം പാലിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യര്‍ നടത്തിയ ഈ പരാമര്‍ശം കോണ്‍ഗ്രസ്സിന് തിരിച്ചടിയായിരുന്നു. 2014ല്‍ മോദിയെ ചായക്കടക്കാരന്‍ എന്ന് അയ്യര്‍ വിളിച്ചത് ബിജെപി പ്രചാരണായുധമാക്കുകയും ചെയ്തു. 

 പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരാനിരിക്കുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. എത്ര സീറ്റ് ലഭിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ചോദിക്കുന്നു. രാജ്യം മുഴുവന്‍ യാത്ര ചെയ്ത് ജനങ്ങളുടെ വികാരം അറിയാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ആത്മവിശ്വാസത്തോടെ പറയാനാകും. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും ഔദ്യോഗിക പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള സീറ്റുകള്‍ ഒരു പാര്‍ട്ടിക്കും ലഭിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കാനിരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.