ഹിന്ദു വിരുദ്ധ പ്രസ്താവന: കമലിനെതിരെ പലയിടത്തായി പത്തോളം കേസുകള്‍

Thursday 16 May 2019 10:16 am IST
ഞായറാഴ്ച തമിഴ്നാട്ടിലെ അറവാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മക്കള്‍ നീതി മയ്യം നേതാവു കൂടിയായ കമല്‍ ഇങ്ങനെ പ്രസംഗിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തായിരുന്നു യോഗം. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തു വച്ചായതുകൊണ്ടല്ല ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ വച്ചാണ് ഇങ്ങനെ പ്രസംഗിക്കുന്നതെന്നും ഇതിനെ ന്യായീകരിച്ച് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നുവെന്നും അത് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയായിരുന്നുവെന്നുമുള്ള കമല്‍ഹാസന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ വിവിധ ഇടങ്ങളിലായി പത്തോളം കേസുകള്‍ രജിസ്ട്രര്‍ ചെയ്തതായി പോലീസ്.

ചെന്നൈയിലുള്‍പ്പെടെ പലയിടത്തും ബിജെപിപ്രവര്‍ത്തകരും ഹൈന്ദവ സംഘടനകളും നല്‍കിയ പരാതികളിലാണ് കേസെടു‍ത്തിരിക്കുന്നത്. 50 ഓളം ബിജെപി പ്രവര്‍ത്തകര്‍ ഒപ്പിട്ടുനല്‍കിയ പരാതിയില്‍ ചെന്നൈ മടിപ്പാക്കം പോലീസ് കേസെടുത്തു. അഖിലഭാരത ഹിന്ദുമഹാസഭയുടെ പരാതിയില്‍ വിരുഗമ്പാക്കം പോലീസും കേസെടുത്തിട്ടുണ്ട്. ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. മധുരയിലും പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ  ഹിന്ദുമുന്നണി നല്‍കിയ പരാതിയില്‍ അരവാക്കുറിച്ചി പോലീസ് കേസെടുത്തിരുന്നു.

ഇതേസമയം തനിക്കെതിരേയുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമല്‍ നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി.അവധിക്കാല ബെഞ്ചില്‍ കേസ് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി മുന്‍കൂര്‍ജാമ്യം തേടി ഹര്‍ജി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഞായറാഴ്ച തമിഴ്നാട്ടിലെ അറവാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മക്കള്‍ നീതി മയ്യം നേതാവു കൂടിയായ കമല്‍ ഇങ്ങനെ പ്രസംഗിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തായിരുന്നു യോഗം. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തു വച്ചായതുകൊണ്ടല്ല ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ വച്ചാണ് ഇങ്ങനെ പ്രസംഗിക്കുന്നതെന്നും ഇതിനെ ന്യായീകരിച്ച് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

19ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമാണിത്. എസ്. മോഹന്‍രാജാണ് ഇവിടത്തെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി. മുസ്ളീം വോട്ടുകളുടെ ധ്രുവീകരണത്തിലാണ് കമല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.