സാബിത്ത് വധക്കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

Thursday 16 May 2019 12:15 pm IST

കാഞ്ഞങ്ങാട്: മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ പ്രതി ചേര്‍ത്ത മുഴുവന്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വിട്ടയയ്ക്കുന്നതെന്ന് ജഡ്ജി ശശികുമാറിന്റെ ഉത്തരവില്‍ പറയുന്നു.

ജെപി കോളനിയിലെ കെ. അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ.എന്‍. വൈശാഖ് (22), ജെപി കോളനിയിലെ എസ്‌കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി.കെ. പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്പിലിലെ ധനഞ്ജയന്‍ (28), ആര്‍. വിജേഷ് (23) എന്നിവരെയാണ് വെറുതെവിട്ടത്. ജെപി കോളനിയിലെ പതിനേഴ് വയസുകാരനെതിരെയുള്ള വിചാരണ പിന്നീട് നടക്കും. 

2013 ജൂലൈ ഏഴിന് രാവിലെ 11.30 ഓടെ നുളളിപ്പാടി ജെപി കോളനി പരിസരത്താണ് സംഭവം. അന്നത്തെ ഡിവൈഎസ്പിയായിരുന്ന മോഹനചന്ദ്രന്‍ നായര്‍, സിഐ സുനില്‍കുമാര്‍, എസ്‌ഐ ഉത്തംദാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയും, ജോസ് കോഴിക്കോടുമാണ് ഹാജരായത്. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. മുഹമ്മദ് ആലുവ, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ശ്രീജി ജോസഫ് തോമസ് എന്നിവര്‍ ഹാജരായി.

കേസില്‍ ഒരു ദൃക്‌സാക്ഷിയാണ് ഉണ്ടായിരുന്നത്. അഞ്ച് പേര്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തുവെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കൊലപാതകത്തില്‍ രണ്ട് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും മറ്റുള്ളവര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നുമായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. കണ്ടെടുത്ത ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.