ബംഗാളില്‍ പോര് കടുത്തു; മമതയ്‌ക്കെതിരെ തുറന്നടിച്ച് മോദി

Thursday 16 May 2019 12:44 pm IST
അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂലുകാര്‍ തകര്‍ത്ത ഇശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ കൊല്‍ക്കത്തയില്‍ അതേ സ്ഥലത്ത് നാം പുനര്‍നിര്‍മ്മിക്കും. പഞ്ചലോഹത്തില്‍ തീര്‍ത്ത വലിയ പ്രതിമ തന്നെയാകും അവിടെ സ്ഥാപിക്കുക. അങ്ങനെ തൃണമൂലുകാര്‍ക്ക് നാം ഉചിതമായ മറുപടി നല്‍കും.

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ജനാധിപത്യക്കുരുതി അരങ്ങേറുന്ന ബംഗാളില്‍  സ്ഥിതിഗതി അതീവ സംഘര്‍ഷഭരിതം. പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ രണ്ടു യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മമതയുടെ ജനാധിപത്യക്കശാപ്പിനെതിരെ ആഞ്ഞടിച്ചു. 

 അമിത് ഷായെ കള്ളക്കേസില്‍ കുരുക്കിയ മമതയുടെ നടപടിയെ കടന്നാക്രമച്ച മോദി തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ തകര്‍ത്തെറിഞ്ഞ പ്രമുഖ ബംഗാളി സാമൂഹ്യ പ്രവര്‍ത്തകനും  നവോത്ഥാന നായകനുമായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനര്‍നിര്‍മ്മിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍, പ്രതിമ പുനര്‍നിര്‍മ്മിക്കാന്‍ കേന്ദ്രത്തിന്റെ പണം വേണ്ടെന്നാണ് മമത പറഞ്ഞത്.

 അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂലുകാര്‍ തകര്‍ത്ത ഇശ്വരചന്ദ്ര വിദ്യാസാഗറിന്റെ  പ്രതിമ കൊല്‍ക്കത്തയില്‍ അതേ സ്ഥലത്ത് നാം പുനര്‍നിര്‍മ്മിക്കും. പഞ്ചലോഹത്തില്‍ തീര്‍ത്ത വലിയ പ്രതിമ തന്നെയാകും അവിടെ സ്ഥാപിക്കുക. അങ്ങനെ തൃണമൂലുകാര്‍ക്ക് നാം ഉചിതമായ മറുപടി നല്‍കും.  വിദ്യാസാഗറിന്റെ കാഴ്ചപ്പാടിനോടും ആദര്‍ശത്തോടും നാം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു, മോദി പറഞ്ഞു. യുപിയിലെ മൗവില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 ഈ പരിപാടി കഴിഞ്ഞ് ഞാന്‍ ബംഗാളിലെ ഡംഡമ്മിലേക്ക് പോകുന്നു. അവിടെ തെരഞ്ഞെടുപ്പ് യോഗമുണ്ട്. പക്ഷെ എന്റെ ഹെലിക്കോപ്ടര്‍ ഇറക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുവദിക്കുമോയെന്ന് അറിയില്ല. അമിത് ഷായുടെ കോപ്ടറിന് മമത അനുമതി നിഷേധിച്ച കാര്യം പരാമര്‍ശിച്ച് മോദി പറഞ്ഞു.

മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ വെസ്റ്റ് മിഡ്‌നാപ്പൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചിരുന്നു. തൃണമൂലുകാര്‍ അത് അലങ്കോലമാക്കാന്‍ ശ്രമിച്ചു. താക്കൂര്‍നഗറില്‍ തൃണമൂലുകാര്‍ കാരണം എനിക്ക് പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നിരുന്നു, മോദി പറഞ്ഞു.

എത്ര മോശം ചിത്രം ഇട്ടാലും ഞാന്‍ കേസ് കൊടുക്കില്ല

എന്റെ എത്ര വൃത്തികെട്ട ചിത്രം  മമത ബാനര്‍ജി സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടാലും ഞാന്‍ അത് ഹൃദയപൂര്‍വം സ്വീകരിച്ച് സൂക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് പോസ്റ്റ് ചെയ്ത മമതക്കെതിരെ കേസെടുത്ത് അവരെ ജയിലില്‍ അടയ്ക്കില്ല. മോദി കൊല്‍ക്കത്തക്കടുത്ത് താക്കിയിലെ തെര. യോഗത്തില്‍ പറഞ്ഞു. 

മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കിലിട്ടതിന് യുവമോര്‍ച്ച ഹൗറ ജില്ലാ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മക്കെതിരെ കേസെടുത്ത് അവരെ മമത സര്‍ക്കാര്‍ ജയിലിടച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഒരു ദിവസം കഴിഞ്ഞാണ് മോചിപ്പിച്ചത്. ഇതാണ് മോദി പരാമര്‍ശിച്ചത്.

താങ്കള്‍ (മമത) ഒരു കലാകാരിയാണെന്നും താങ്കളുടെ പെയിന്റിങ്ങുകള്‍,  ശാരദ, നാരദ  കുംഭകോണങ്ങളുടെ പേരില്‍ കോടികള്‍ക്ക് വിറ്റതായും ഞാന്‍ കേട്ടു. (മമതയുടെ നിരവധി പെയിന്റിങ്ങുകള്‍ ശാരദാ റോസ് വാലി ചിട്ടി തട്ടിപ്പു പ്രതികള്‍ കോടികള്‍ മുടക്കി വാങ്ങിയിരുന്നു. ഇവ അന്വേഷണ വേളയില്‍ സിബിഐ അടക്കമുള്ള ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു). ദീദീ അങ്ങേക്ക് എന്തു പറ്റി? മോദി ചോദിച്ചു.

ആ പണം വേണ്ട: മമത

കൊല്‍ക്കത്ത:  ഈശ്വരചന്ദ്ര വിദ്യാസാഗറുടെ പ്രതിമ തങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത. അതിന് ബിജെപിയുടെപണം വേണ്ട. അത് നിര്‍മ്മിക്കാനുള്ള പണം ഞങ്ങള്‍ക്കുണ്ട്, മമത പറഞ്ഞു. ബിജെപിയാണ് പ്രതിമ തകര്‍ത്തതെന്നാണ് മമതയുടെ ആരോപണം. 

ഈശ്വരചന്ദ്ര വിദ്യാസാഗര്‍

ബംഗാളിലെ നവോത്ഥാന നായകന്‍. 1820ല്‍ ജനിച്ച് 1891ല്‍ അന്തരിച്ചു. തത്വചിന്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, എഴുത്തുകാരന്‍, പ്രസാധകന്‍, മനുഷ്യ സ്‌നേഹി... അങ്ങനെ പല തലങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ബംഗാളിന്റെ ജീവരക്തമാണ്. ബംഗാളികളുടെ അഭിമാനമാണ്. വിധവാവിവാഹത്തിനു വേണ്ടി പോരാടിയ അദ്ദേഹം ഹിന്ദു ധര്‍മ്മത്തിലെ അനാചാരങ്ങളെ ശക്തിയുക്തം എതിര്‍ത്തു. ലോക പ്രശസ്തരായ ബംഗാളികളില്‍ ഒരാളാണ്. ഈശ്വരചന്ദ്ര വിദ്യാസാഗര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.