കള്ളവോട്ട്: നാലു ബൂത്തുകളില്‍ റീപോളിങ്

Friday 17 May 2019 4:36 am IST
നാല് ബൂത്തുകളിലും ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. റിട്ടേണിങ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ടറല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് നടപടി.

തിരുവനന്തപുരം:  കള്ളവോട്ട് നടന്നതായി കണ്ടെത്തിയ നാലു ബൂത്തുകളില്‍ റീപോളിങ്ങിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കള്ളവോട്ട് കണ്ടെത്തിയതിനെത്തുടര്‍ന്ന് റീ പോളിങ് കേരള ചരിത്രത്തിലാദ്യം. തീരുമാനം ഇടത് വലത് മുന്നണികള്‍ക്ക്, പ്രത്യേകിച്ച് സിപിഎമ്മിനും മുസ്ലിം ലീഗിനും  കനത്ത തിരിച്ചടി. 

 യുഡിഎഫും എല്‍ഡിഎഫും കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് റീ പോളിങ്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്.

കാസര്‍കോട്ടെ കല്യാശ്ശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69  പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ലോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക് എന്നിവിടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീ പോളിങ്. 

നാല് ബൂത്തുകളിലും ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. റിട്ടേണിങ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ടറല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് നടപടി. 

കണ്ണൂര്‍  കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തില്‍ പദ്മിനി, എന്‍.പി. സലീന, കെ.പി. സുമയ്യ എന്നിവര്‍ കള്ളവോട്ടു ചെയ്‌തെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇവര്‍ക്കെതിരെ ഐപിസി (സി,ഡി,എഫ്) വകുപ്പുകളനുസരിച്ചു കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കല്യാശ്ശേരിയിലെ 69, 70 നമ്പര്‍ ബൂത്തുകളില്‍ മുഹമ്മദ് ഫയിസ്, അബ്ദുല്‍ സമദ്, കെ.എം. മുഹമ്മദ് എന്നിവര്‍ കള്ളവോട്ട് ചെയ്തതായി കളക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 

കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധര്‍മടത്തും കള്ളവോട്ടുണ്ടായി. പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലും ധര്‍മടത്ത് ബൂത്ത് നമ്പര്‍ 52ലുമാണ് കള്ളവോട്ട്. പാമ്പുരുത്തിയില്‍ ഒമ്പതു പേരാണ് കള്ളവോട്ട് ചെയ്തത്. 12 വോട്ടുകള്‍ ഇത്തരത്തില്‍ ചെയ്തു. ധര്‍മടത്ത് ഒരു കള്ളവോട്ടാണു നടന്നത്. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുടെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായാണു ജില്ലാ കളക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കള്ളവോട്ട് ചെയ്തത് എല്‍ഡിഎഫും യുഡിഎഫും

പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നീട് മുസ്ലിം ലീഗുകാര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യം കൂടി പുറത്തുവന്നതോടെ ഇരുമുന്നണികളും പ്രതിരോധത്തിലായി. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചു. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.