ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ്; 700 കോടി കവര്‍ന്ന 10 അംഗ സംഘം പിടിയില്‍

Thursday 16 May 2019 6:33 pm IST
വിവിധ രാജ്യങ്ങളിലെ പത്തംഗ സംഘത്തെ യുഎസിലെ പിറ്റ്സ്ബര്‍ഗ്ഗില്‍ നിന്നാണ് പിടികൂടിയത്. പണം മോഷ്ടിക്കുക,​ കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

യുഎസ്: ഗോസ്‌നിം മാല്‍വെയര്‍ വൈറസുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ 700 കോടി കവര്‍ന്ന അന്താരാഷ്ട്ര ക്രിമിനല്‍ സംഘം പിടിയില്‍. വിവിധ രാജ്യങ്ങളിലെ പത്തംഗ സംഘത്തെ യുഎസിലെ പിറ്റ്സ്ബര്‍ഗ്ഗില്‍ നിന്നാണ് പിടികൂടിയത്. പണം മോഷ്ടിക്കുക,​ കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

തട്ടിപ്പിനിരയായ 40000 പേരില്‍ നിന്ന് 700 കോടി ഡോളറാണ് സംഘം  തട്ടിയെടുത്തത്. ഗോസ്‌നിം മാല്‍വെയര്‍ വൈറസുകള്‍ കടത്തിവിട്ട് കമ്പ്യൂട്ടറുകള്‍ നശിപ്പിച്ച ശേഷം അതില്‍ നിന്ന് ഓണ്‍ലൈന്‍ ബാങ്കിങിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം തട്ടിയെടുക്കുകയുമാണ് സംഘം ചെയ്യുന്നത്. 

തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച് റഷ്യക്കാരും ഒളിവിലാണ്. ഇവരിലൊരാളാണ് ഗോസ്നിം വൈറസ് വികസിപ്പിച്ചെടുത്തതെന്നാണ് സൂചന. 

സംഭവത്തെ തുടര്‍ന്ന് യുഎസ്, ബള്‍ജേറിയ, ജര്‍മനി, ജോര്‍ജിയ, മോള്‍ഡോവ, ഉക്രെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ പോലീസുകാര്‍ സംയുക്തമായി ചേര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഓണ്‍ലൈന്‍ ഫോറങ്ങളില്‍ കുറ്റവാളികള്‍ അവരുടെ വൈദഗ്ധ്യം കാട്ടി പരസ്യവും പ്രസിദ്ധപ്പെടുത്തിയിരുന്നു.

എന്താണ് ഗോസ്‌നിം?

മാല്‍വെയര്‍ വൈറസിന്റെ രണ്ടിനങ്ങളായ നിമെയിം (Nymaim), ഗോസി (Gozi) എന്നിവയുടെ സങ്കരമാണ് ഗോസ്‌നിം. 

ഇവയില്‍ ആദ്യത്തേത് 'ഡ്രോപ്പര്‍' എന്നാണ് അറിയപ്പെടുന്നത്. ഇത് മാല്‍വെയര്‍ വൈറസിനെ ഉപകരണത്തിലേയ്ക്ക് കടത്തിവിടുന്നതിനാണ് രൂപീകരിച്ചിരിക്കുന്നത്. റാന്‍സംവെയര്‍ (ransomware) വൈറസുകള്‍ ഉപകരണങ്ങളിലേയ്ക്ക് കടത്തിവിടാന്‍ 2015 മുതല്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് നിമെയിം(Nymaim).

ഏതാണ്ട് 2007 മുതല്‍ ഗോസിയും ഉപയോഗിച്ചു വരുന്നു. ഇത് സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിക്കുന്നു. യുഎസ് ബാങ്കുകളുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ ഇത് ഉപയോഗിച്ചിരുന്നു. 

രണ്ടും അപകടകാരികളായ കണ്ടുപിടുത്തങ്ങള്‍. അപ്പോള്‍ രണ്ടും ചേര്‍ത്ത് കണ്ടുപിടുത്തം നടത്തിയ വിദഗ്ധനെ ഇരട്ട തലയുള്ള പിശാചെന്ന് വിളിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.