സ്വയംപ്രഭയുടെ ശാപമുക്തി

Friday 17 May 2019 1:04 am IST
'വനവാസത്തിന് യാത്ര ചോദിക്കാന്‍ അന്തഃപുരത്തിലെത്തിയപ്പോള്‍ സീതാദേവി, ' ഞാനും' എന്ന് പറഞ്ഞ് വേഷം പോലും മാറാന്‍ നില്‍ക്കാതെ കൂടെയിറങ്ങി. വനയാത്ര തുടങ്ങി അല്‍പദൂരം പിന്നിട്ടപ്പോള്‍ ഞങ്ങളൊരു കുറ്റിക്കാട്ടിനടുത്തെത്തി. അതു കണ്ടതും ' വനവാസം ഇവിടെ മതിയല്ലോ?' എന്ന് ബാലചാപല്യത്തോടെ ദേവി പറഞ്ഞു.

സീതാന്വേഷണത്തിലെ  മര്‍മപ്രധാനദൗത്യങ്ങള്‍ ഹനുമാനെയായിരുന്നു രാമന്‍ ഏല്‍പ്പിച്ചത്. തന്നെത്തേടിയെത്തിയത് രാമദൂതനാണെന്ന് സീതയെ ബോധ്യപ്പെടുത്താന്‍  മുദ്രമോതിരം ഊരി ഹനുമാനു നല്‍കി. സീതയോടു പറയാനായി ചില അടയാള വാക്യങ്ങളും പറഞ്ഞു കൊടുത്തു. സീതയോടൊത്തുള്ള സ്വകാര്യ നിമിഷങ്ങളിലെ സംഭാഷണങ്ങളായിരുന്നു അവ. രാമന്‍ പറഞ്ഞു തുടങ്ങി

'വനവാസത്തിന് യാത്ര ചോദിക്കാന്‍ അന്തഃപുരത്തിലെത്തിയപ്പോള്‍ സീതാദേവി, ' ഞാനും' എന്ന് പറഞ്ഞ് വേഷം പോലും മാറാന്‍ നില്‍ക്കാതെ കൂടെയിറങ്ങി. വനയാത്ര തുടങ്ങി അല്‍പദൂരം പിന്നിട്ടപ്പോള്‍ ഞങ്ങളൊരു കുറ്റിക്കാട്ടിനടുത്തെത്തി. അതു കണ്ടതും  ' വനവാസം ഇവിടെ മതിയല്ലോ?' എന്ന്  ബാലചാപല്യത്തോടെ ദേവി പറഞ്ഞു. ഒരിക്കല്‍ അന്തഃപുരത്തില്‍ വെച്ച് എന്റെ കാല്‍ തലോടിക്കൊണ്ടിരിക്കുകയായിരുന്നു ദേവി. അപ്പോള്‍ സ്വന്തം കൈവിരലില്‍ കിടന്നിരുന്ന രത്‌നമോതിരം ഊരി ദൂരെറിഞ്ഞു കളഞ്ഞു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍, 'കല്ലു പതിച്ചിട്ടുള്ള ഈ മോതിരം എനിക്ക് വിനയാകും. കരിമ്പാറയില്‍ അങ്ങയുടെ പാദം തട്ടിയപ്പോള്‍ അതൊരു ലോകൈകസുന്ദരിയായി ( കരിമ്പാറ)  മാറി. അങ്ങനെയെങ്കില്‍ ഈ അമൂല്യ രത്‌നങ്ങള്‍ കാലില്‍ തട്ടിയാല്‍ ഉണ്ടാകുന്ന സുന്ദരിയുടെ മനോഹാരിത എന്തായിരിക്കും?  ആ സുന്ദരി നിമിത്തം അങ്ങ് എന്നെ.....'  എന്ന് കുസൃതിയോടെ അര്‍ഥം വെച്ച് ദേവിപറഞ്ഞു. അതു പറഞ്ഞ് പൊട്ടിച്ചിരിച്ച് ഞങ്ങള്‍ പരസ്പരം ആശ്ലേഷിച്ചു. ഇതെല്ലാം ഞങ്ങള്‍ക്കു മാത്രം അറിയാവുന്ന സംഭവങ്ങളാണ്.' 

ഇങ്ങനെ സീതയോടു പറയാനുള്ള അടയാള വാക്യങ്ങള്‍ പഠിപ്പിച്ച്, തേക്കേ ദിക്കിലേക്ക് പുറപ്പെട്ട വാനരപ്പടയ്‌ക്കൊപ്പം ആ ഉത്തമ ദൂതനേയും രാമന്‍ യാത്രയ്ക്ക് സന്നദ്ധനാക്കി. അതിനിടയിലാണ് സീതാന്വേഷണത്തിന് പുറപ്പെട്ട സംഘത്തെ നോക്കി അത്യുഗ്രമായ 'സുഗ്രീവാജ്ഞ' മുഴങ്ങിയത്.  ' അന്വേഷണം ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാകണം. ദേവിയെ കാണാതെ മടങ്ങി വരുന്നവര്‍ക്ക് കണ്ഠഛേദമാകും ശിക്ഷ. ' സുഗ്രീവാജ്ഞ വാനരക്കൂട്ടത്തെ ഭയപ്പെടുത്തിയെങ്കിലും സീതാന്വേഷണമെന്ന ഉറച്ച ലക്ഷ്യത്തോടെ അവര്‍ നാനാദിക്കുകളിലേക്ക് പുറപ്പെട്ടു.

ദക്ഷിണ ദിക്കിലേക്ക് പുറപ്പെട്ട ഹനുമാന്‍, അംഗദന്‍, ജാംബവന്‍ തുടങ്ങിയവരുള്‍പ്പെട്ട സംഘം നാടും നഗരവും കാടും മേടുമെല്ലാം സീതയെത്തേടി നടന്നു തുടങ്ങി. നടന്നു വലഞ്ഞ വാനരര്‍ ദാഹാര്‍ത്തരായി. അവിടെയെങ്ങും ജലത്തിന്റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല. അലഞ്ഞു തിരിയുന്നതിനിടയില്‍ അല്‍പ്പം അകലെയൊരു ഗുഹാമുഖത്തു നിന്നും ഒരു പറ്റം കിളികള്‍ ഈയല്‍കൂട്ടം പോലെ ആകാശത്തേക്ക് ഉയരുന്നതു കണ്ടു. അവയുടെ ചിറകില്‍ നിന്നും വെള്ളം ഇറ്റി വീഴുന്നുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഗുഹയില്‍ വെള്ളം കണ്ടേക്കുമെന്ന് കരുതി അവര്‍ അങ്ങോട്ടു തിരിച്ചു. അവര്‍ നടന്നെത്തിയത് വിശാലമായൊരു പൂ

ന്തോട്ടത്തിലായിരുന്നു. അവിടെയെത്തിയ വാനരക്കൂട്ടത്തെ അതിസുന്ദരിയായൊരു സ്ത്രീ പഴങ്ങളും മധുരപാനീയങ്ങളും നല്‍കി സത്ക്കരിച്ചു. ആരാണ് ആ തരുണിയെന്നു ചോദിച്ച വാനരരോട് അവള്‍ തന്റെ കഥ പറഞ്ഞു തുടങ്ങി. 

 ' നാകലോകത്തിലെ വാരവധുവായ രംഭാദേവിയുടെ വിശ്വസ്ത ദാസി സ്വയംപ്രഭയാണ് ഞാന്‍. ചതുരാസ്യന്‍ എന്നൊരു അസുരന്‍ രംഭയെ അദ്ദേഹത്തിന് സ്വാധീനപ്പെടുത്തിക്കൊടുക്കാന്‍ എന്നോടു പറഞ്ഞു. ഞാനതു ചെയ്തു.  ആ അസുരന്‍, അസുരശില്‍പ്പിയായ മയാചാര്യനെക്കൊണ്ട് പണികഴിപ്പിച്ചതാണ് ഈ ഉദ്യാനം . ഏറെ പ്രത്യേകതകളുണ്ടിതിന്.  വിലപിടിപ്പുള്ള രത്‌നങ്ങള്‍ ഇവിടെ വിവിധ വര്‍ണങ്ങളില്‍ വെളിച്ചം പകരുന്നു. വൃക്ഷലതാദികള്‍ ആവശ്യത്തിന് ആഹാരസാധനങ്ങള്‍ തരുന്നു. അന്തരീക്ഷം  സുഗന്ധപൂരിതമാക്കുന്ന മന്ദമാരുതനുമുണ്ട്. എല്ലാ സുഖാനുഭവങ്ങളും തരുന്ന ഈ ഉദ്യാനം സ്വര്‍ഗതുല്യമാണ്. 

ഇവിടെ ചതുരാസ്യനും രംഭാദേവിയും ഞാനും മാത്രമാണ് താമസിച്ചിരുന്നത്. ഈ വിവരമറിഞ്ഞ സഹസ്രാക്ഷന്‍ ഇവിടെയെത്തി ചതുരാസ്യനെ കൊന്ന് രംഭാദേവിയെ കൊണ്ടു പോയി. രംഭയെ തട്ടിയെടുക്കാന്‍ കൂട്ടു നിന്ന എന്നെ ഇന്ദ്രന്‍ ശപി

ക്കുകയും ചെയ്തു. ഇവിടെ തനിച്ചു കഴിയാനായിരുന്നു ശാപം. അനേകായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീരാമപത്‌നിയായ സീതയെത്തേടി വാനരസംഘം ഇവിടെ വരുമെന്നും അവരെ വേണ്ടവിധം സത്ക്കരിച്ച് ശ്രീരാനെ കണ്ട് വന്ദിച്ച ശേഷം സ്വര്‍ഗത്തിലേക്ക് പോന്നു കൊള്‍ക എന്ന് ശാപമോക്ഷവും തന്നു. അതിനുള്ള സമയം നിങ്ങളുടെ വരവോടെ ആഗതമായിരിക്കുന്നു. '  ഇത്രയും പറഞ്ഞ ശേഷം വാനരന്മാരോട് കണ്ണടയ്ക്കാന്‍ സ്വയംപ്രഭ ആവശ്യപ്പെട്ടു. അവര്‍ കണ്ണു തുറന്നപ്പോള്‍ സ്വയംപ്രഭയും ഉദ്യാനവുമെല്ലാം അപ്രത്യക്ഷമായിരുന്നു. ഉദ്യാനമിരുന്ന ഗുഹാന്തര്‍ഭാഗത്തു കൂടി സ്വയംപ്രഭ ശ്രീരാമസന്നിധിയിലെത്തി അദ്ദേഹത്തെ നമസ്‌ക്കരിച്ച് സ്വര്‍ഗത്തിലേക്ക് മടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.