വായനോത്സവത്തില്‍ കുട്ടികള്‍ക്ക് വായിക്കാന്‍ പിണറായിയുടെ പുസ്തകം

Friday 17 May 2019 2:10 am IST
പതിമൂന്ന് പുസ്തകങ്ങളാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വായനോത്സവത്തിനായി നിര്‍ദേശിച്ചിട്ടുള്ളത്. ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി പത്ത് വീതം പുസ്തകങ്ങളാണ് ലൈബ്രറി കൗണ്‍സില്‍ വായനയ്ക്കായി മുന്നോട്ടുവച്ചത്. ഇതിലെല്ലാം സിപിഎം സഹയാത്രികരായ എഴുത്തുകാര്‍ക്കാണ് മുന്‍തൂക്കം. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അക്കാദമി കൗണ്‍സിലാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്.

കോഴിക്കോട്: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള സംസ്ഥാനതല വായനോത്സവം സിപിഎമ്മിന്റെ രാഷ്ട്രീയപ്രചാരണ വേദിയാക്കുന്നു. ജൂണ്‍ 19ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വായനോത്സവത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കേണ്ടത് പിണറായി വിജയന്റെ നവോത്ഥാനം, ശബരിമല, മതനിരപേക്ഷത എന്ന  പുസ്തകം. 

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണന്‍ എഡിറ്റ് ചെയ്ത് കോഴിക്കോട് പ്രോഗ്രസ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായിയുമായി ഡിവൈഎഫ്‌ഐ മുഖപ്രസിദ്ധീകരണമായ യുവധാരയുടെ എഡിറ്ററായിരുന്ന ഗുലാബ്ജാന്‍ നടത്തിയ അഭിമുഖം അടക്കം ഒമ്പത് ലേഖനങ്ങളാണ് ഇതിലുള്ളത്. ദേശാഭിമാനി ഓണപ്പതിപ്പിനുവേണ്ടി തയാറാക്കിയതാണ് അഭിമുഖം. ഇതിനു പുറമെയുള്ള ലേഖനങ്ങളും സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി തയാറാക്കിയതാണ്.

കേരളത്തിന്റെ നവോത്ഥാനത്തെക്കുറിച്ചോ മതേതര കാഴ്ചപ്പാടുകളെക്കുറിച്ചോ ശബരിമലയുടെ സവിശേഷതകളെക്കുറിച്ചോ ഉള്ള വസ്തുതാപരമായ വിശകലനങ്ങളല്ല ഇതിലുള്ളത്. മറിച്ച് സിപിഎമ്മിന്റെ സങ്കുചിത രാഷ്ട്രീയ സമീപനങ്ങളാണ് ലേഖനങ്ങളിലുടനീളം. ഉത്തരേന്ത്യയില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത് സവര്‍ണവിഭാഗങ്ങളില്‍ നിന്നാണെന്ന കണ്ടുപിടിത്തവും പിണറായിയുടേതായി ലേഖനത്തിലുണ്ട്. നാടോടിക്കഥകളില്‍ പറഞ്ഞുകേട്ട നങ്ങേലിയെ യഥാര്‍ഥ ചരിത്രനായികയായാണ് പിണറായി പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനങ്ങള്‍, സാമുദായിക സംഘടനായോഗങ്ങളില്‍ നടത്തിയ പ്രസംഗം, പുരോഗമന കലാസാഹിത്യസംഘം പരിപാടിയിലെ പ്രസംഗം, നിയമസഭയിലെ മറുപടികള്‍ എന്നിവ തട്ടിക്കൂട്ടിയതാണ് പുസ്തകം.  

പതിമൂന്ന് പുസ്തകങ്ങളാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വായനോത്സവത്തിനായി നിര്‍ദേശിച്ചിട്ടുള്ളത്. ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി പത്ത് വീതം പുസ്തകങ്ങളാണ് ലൈബ്രറി കൗണ്‍സില്‍ വായനയ്ക്കായി മുന്നോട്ടുവച്ചത്. ഇതിലെല്ലാം സിപിഎം സഹയാത്രികരായ എഴുത്തുകാര്‍ക്കാണ് മുന്‍തൂക്കം. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അക്കാദമി കൗണ്‍സിലാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. 

അക്കാദമിക് കൗണ്‍സിലിലും മഹാഭൂരിപക്ഷവും സിപിഎം സഹയാത്രികര്‍ തന്നെ. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി.  കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി പി. അപ്പുക്കുട്ടന്‍ എന്നിവരെ കൂടാതെ ഡോ. കെ.എസ്. രവികുമാര്‍, ഡോ.കെ.പി. വിജയകുമാര്‍, പി.വി.കെ. പനയാല്‍, എസ്. രമേശന്‍ എന്നിവരാണ് കമ്മറ്റിയിലുള്ളത്. ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകം തിരഞ്ഞെടുത്തത് ഡോ.കെ.എസ്. രവികുമാര്‍, സി.പി. അബൂബക്കര്‍, പ്രൊഫ.വി.എന്‍. മുരളി, പ്രൊഫ.എ.ജി. ഒലീന, ഡോ.എസ്.ആര്‍. ജയശ്രീ, എസ്. രമേശന്‍, ഡി. യേശുദാസ് എന്നിവരാണ്. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.