കാലിത്തീറ്റയ്ക്കുള്ള സബ്‌സിഡി മില്‍മ പിന്‍വലിച്ചു

Friday 17 May 2019 1:36 am IST
കര്‍ഷകര്‍ സംഘത്തില്‍ നല്‍കുന്ന 60 ലിറ്റര്‍ പാലിന് അനുസൃതമായി ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ സബ്‌സിഡി നല്‍കുന്നതാണ് രീതി. കുറെ നാളുകളായി ഇത് തുടരുന്നു. ഒരു വര്‍ഷം മുമ്പ് വരെ 900 രൂപ മാത്രമുണ്ടായിരുന്ന കാലിത്തീറ്റയ്ക്ക് ഘട്ടങ്ങളായി വില വര്‍ധിപ്പിക്കുകയായിരുന്നു മില്‍മ.

കുന്നത്തൂര്‍ (കൊല്ലം): കടുത്ത വേനലും കാലിത്തീറ്റയുടെ വില വര്‍ധനവും കാരണം പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കി മില്‍മ. തിരുവനന്തപുരം മേഖലാ യൂണിയന്‍ നല്‍കി വന്ന കാലിത്തീറ്റ സബ്‌സിഡി പൂര്‍ണമായി പിന്‍വലിച്ചു. ഈ മാസം ഒന്ന് മുതല്‍ കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കേണ്ടതില്ലെന്ന് മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

കര്‍ഷകര്‍ സംഘത്തില്‍ നല്‍കുന്ന 60 ലിറ്റര്‍ പാലിന് അനുസൃതമായി ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ സബ്‌സിഡി നല്‍കുന്നതാണ് രീതി. കുറെ നാളുകളായി ഇത് തുടരുന്നു. ഒരു വര്‍ഷം മുമ്പ് വരെ 900 രൂപ മാത്രമുണ്ടായിരുന്ന കാലിത്തീറ്റയ്ക്ക് ഘട്ടങ്ങളായി വില വര്‍ധിപ്പിക്കുകയായിരുന്നു മില്‍മ. രണ്ട് മാസത്തിനുള്ളില്‍ 100 രൂപയോളം കൂടി. നിലവില്‍ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1070 രൂപയാണ് വില. സബ്‌സിഡി പിന്‍വലിച്ചതോടെ കര്‍ഷകര്‍ 1070 രൂപയും നല്‍കി കാലിത്തീറ്റ എടുക്കണം. മില്‍മ കാലിത്തീറ്റയ്ക്ക് വില വര്‍ധിച്ചതോടെ ഇനി സ്വകാര്യ കാലിത്തീറ്റ കമ്പനികളും വില കൂട്ടും.

മറ്റ് കാലിത്തീറ്റകളായ കടലപ്പിണ്ണാക്ക്, പരുത്തി വിത്ത് പിണ്ണാക്ക്, പുളിയരി പൊടി, തവിട്, ഗോതമ്പ് തവിട് തുടങ്ങി എല്ലാറ്റിനും  ഒരു വര്‍ഷത്തിനുള്ളില്‍ 50 മുതല്‍ 100 ശതമാനം വരെ വില വര്‍ദ്ധനയാണുണ്ടായത്. എന്നാല്‍, ക്ഷീരകര്‍ഷകരുടെ പ്രതിഷേധം ഒറ്റപ്പെട്ടതായതിനാല്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല.

മുന്‍കാലങ്ങളില്‍ മില്‍മ കര്‍ഷകര്‍ക്ക് വേനല്‍ക്കാല ഇന്‍സെന്റീവ് നല്‍കാറുണ്ടായിരുന്നു. സംഘത്തില്‍ നല്‍കുന്ന ഓരോ ലിറ്റര്‍ പാലിനും രണ്ട് രൂപാ വീതം അധികം ലഭിക്കുന്നത് കര്‍ഷകര്‍ക്ക് പ്രയോജനകരമായിരുന്നങ്കിലും ഈ വര്‍ഷം ഇന്‍സെന്റീവ് നല്‍കിയില്ല. പശുവളര്‍ത്തല്‍ ഉപജീവനമാക്കിയ നിരവധി ആളുകളെ ദുരിതത്തിലാക്കുന്നതാണ് മില്‍മയുടെ നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.