യുപിയിലെ സഖ്യം തകരും: യോഗി ആദിത്യനാഥ്

Friday 17 May 2019 3:37 am IST
മായാവതിയും അഖിലേഷ് യാദവും തമ്മില്‍ത്തല്ലി ചോര വീഴ്ത്തും. ഈ സാഹചര്യം തടയാന്‍ മുന്‍കരുതലെടുക്കണമെന്നും എപ്പോഴും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയാകും ഭിന്നത രൂക്ഷമാകുക.

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് തന്നെ ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം തകരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്പി-ബിഎസ്പി സഖ്യം 23 വരെ നീണ്ടുനില്‍ക്കില്ല, ഫലം വരുന്നതോടെ ഇവരുടെ പ്രവര്‍ത്തകര്‍ തമ്മിലടിക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

മായാവതിയും അഖിലേഷ് യാദവും തമ്മില്‍ത്തല്ലി ചോര വീഴ്ത്തും. ഈ സാഹചര്യം തടയാന്‍ മുന്‍കരുതലെടുക്കണമെന്നും എപ്പോഴും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയാകും ഭിന്നത രൂക്ഷമാകുക. അടുത്ത പ്രധാനമന്ത്രി ആദി-ആബാദിയില്‍ നിന്നാണെന്ന് പറയുന്ന അഖിലേഷ് അതെന്തെന്ന് വ്യക്തമാക്കണം. ഇതില്‍ മുലായം സിങ് ഉള്‍പ്പെടില്ല. ആദ്യം അഖിലേഷ് മുലായം സിങ്ങിനെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഇപ്പേള്‍ പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നുമില്ല, യോഗി പറഞ്ഞു. 

മായാവതിയുടെ പ്രധാനമന്ത്രി മോഹത്തെയും യോഗി പരിഹസിച്ചു. പ്രധാനമന്ത്രിക്ക് ജനപിന്തുണ വേണമെന്ന് എല്ലാവര്‍ക്കുമറിയാം. 38-37 സീറ്റില്‍ മാത്രം മത്സരിക്കുന്ന എസ്പി-ബിഎസ്പിയില്‍ നിന്ന് എങ്ങനെ പ്രധാനമന്ത്രിയുണ്ടാകും? 2014ല്‍ ബിഎസ്പി വെറും പൂജ്യമായിരുന്നു. അത് ആവര്‍ത്തിക്കും. മുലായം സിങ്ങിന്റെ എസ്പിക്ക് അവരുടെ ശക്തികേന്ദ്രങ്ങളായ കനൗജ്, ബാദൗന്‍, അസംഗഡ് എന്നീ സീറ്റുകള്‍ പോലും ലഭിക്കില്ല, യോഗി പറഞ്ഞു.

ബംഗാളില്‍ പ്രചാരണത്തില്‍ നിന്ന് തന്നെ തടഞ്ഞ മമതയെയും അദ്ദേഹം വിമര്‍ശിച്ചു. പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ ഒരു ഭാഗമാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മറ്റ് പാര്‍ട്ടി നേതാക്കളെ പോലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കും അവിടെ പോകാനുള്ള അവകാശമുണ്ട്. ജനങ്ങള്‍ അവര്‍ക്ക് മറുപടി നല്‍കും. മോദിയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നതിനെയും യോഗി ന്യായീകരിച്ചു. മോദിജീ ഒരു ബിജെപി പ്രവര്‍ത്തകനാണ്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ ഒരുപോലെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതില്‍ പ്രവര്‍ത്തകരെല്ലാം അഭിമാനം കൊള്ളുന്നു. മോദിജിയാണ് ഞങ്ങളുടെ നേതാവ്, അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബലാക്കോട്ടും പുല്‍വാമയും ഉന്നയിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെയും യോഗി വിമര്‍ശിച്ചു. ഇതൊരു ഗ്രാമപഞ്ചായത്ത് തെരഞ്ഞടുപ്പല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യസുരക്ഷയെ ഉയര്‍ത്തിക്കാണിക്കേണ്ടി വരും. പുല്‍വാമയേയും ബലാക്കോട്ടിനേയും ചട്ടലംഘനമായി ഉയര്‍ത്തിക്കാണിക്കുന്നത് കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളുമാണ്, യോഗി പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.