പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: നാല് പോലീസുകാരെ തിരിച്ചു വിളിച്ചു

Friday 17 May 2019 10:13 am IST

തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പങ്കുള്ള,  പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ തിരിച്ചുവിളിച്ചു. ബറ്റാലിയന്‍ എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ അംഗങ്ങളായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവരോടാണ് ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങാന്‍ നിദേശം നല്‍കിയത്. ബറ്റാലിയന്‍ ഡിഐജിക്കു മുന്നില്‍  റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം.

ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ ഇവര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. മൂന്നു ദിവസം മുമ്പാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് പോലീസുകാരെ തിരികെ വിളിക്കാന്‍ എഡിജിപി നിര്‍ദേശിച്ചത്. ഇന്റലിജന്‍സ് ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും നാലു പേര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായിരുന്നു. കുറ്റം തെളിഞ്ഞാല്‍ അച്ചടക്ക നടപടികള്‍ ഉള്‍പ്പെടെ നേരിടേണ്ടിവരും. പോസ്റ്റല്‍ ബാലറ്റില്‍ പോലീസ് അസോസിയേഷന്റെ ഇടപെടല്‍ സ്ഥിരീകരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശിച്ചത്.

വിഷയത്തില്‍ വൈശാഖ് എന്ന പോലീസുകാരനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്ന നിലയ്ക്കാണ് പോലീസുകാരെ തിരികെ വിളിച്ചത്. വട്ടപ്പാറ പോസ്റ്റ് ഓഫീസില്‍ കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകള്‍ വന്ന സംഭവം വിവാദമായിരുന്നു.  മണിക്കുട്ടന്റെ വിലാസത്തിലേക്കാണ് പോസ്റ്റല്‍ ബാലറ്റുകളെല്ലാം എത്തിയത്. ഇതിന് പിന്നാലെ പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് സന്ദേശങ്ങളും പുറത്തുവന്നതോടെ സംഭവം വിവാദമാകുകയായിരുന്നു.

മൊഴി രേഖപ്പെടുത്താന്‍ സാവകാശം ലഭിച്ചില്ലെന്നും അതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും കാണിച്ചാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിച്ച് വീണ്ടും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.