മമതയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി; രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാം

Friday 17 May 2019 11:21 am IST
ഏഴ് ദിവസത്തിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സിബിഐക്ക് കൈക്കൊള്ളാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യത്തിനായി രാജീവ് കുമാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചേക്കും.

ന്യൂദല്‍ഹി: ബംഗാളിലെ ശാരദ ചിട്ടിത്തട്ടിപ്പ് കേസില്‍ അന്വേഷണം അട്ടിമറിച്ചതായി ആരോപണം നേരിടുന്ന കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. ഏഴ് ദിവസത്തിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സിബിഐക്ക് കൈക്കൊള്ളാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യത്തിനായി രാജീവ് കുമാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചേക്കും. 

അഴിമതി കേസില്‍ തൃണമൂല്‍ നേതാക്കളെ സംരക്ഷിക്കാന്‍ രാജീവ് തെളിവുകള്‍ നശിപ്പിച്ചെന്നാണ് സിബിഐയുടെ വാദം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലെ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തത് വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ മമത നിരാഹാരവും നടത്തി. അറസ്റ്റ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ സുപ്രീം കോടതി സംസ്ഥാനത്തിന് പുറത്തുവച്ച് ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കി. ഷില്ലോങ്ങില്‍ ഒന്നിലേറെ തവണ ചോദ്യം ചെയ്യലിന് ഹാജരായ രാജീവ് എന്നാല്‍ കൃത്യമായ മറുപടികള്‍ നല്‍കിയില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ ഇന്നലെ കോടതിയില്‍ അറിയിച്ചു.

സിബിഐക്ക് മുന്‍പ് അഴിമതി കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു  മമതയുടെ വിശ്വസ്തനായ രാജീവ് കുമാര്‍. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സിബിഐക്ക് കൈമാറാന്‍ ഇയാള്‍ തയാറായിട്ടില്ല. മമത രാഷ്ട്രീയ വിവാദമാക്കിയ സംഭവത്തില്‍, നാളെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ സുപ്രീം കോടതിയില്‍നിന്നുണ്ടായ തിരിച്ചടി തൃണമൂലിന് ക്ഷീണമായി. കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജീവ് കുമാറിനെ ഇന്റലിജന്‍സ് എഡിജിപി സ്ഥാനത്ത് നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതായി ബിജെപി പരാതി നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.