വൈശാഖ മഹോത്സവത്തിന് തുടക്കംകുറിച്ച് മുതിരേരി വാള്‍ എഴുന്നള്ളിച്ചു

Saturday 18 May 2019 1:01 am IST

മാനന്തവാടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കംകുറിച്ച് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ മുതിരേരിക്കാവില്‍നിന്ന് പരാശക്തിയുടെ വാള്‍ കൊട്ടിയൂര്‍ അമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. വാള്‍ എഴുന്നള്ളത്തിനുള്ള ചടങ്ങുകള്‍ക്ക് മുതിരേരി ശിവക്ഷേത്രത്തില്‍ നാഗത്തിന് കൊടുക്കലോടെ തുടക്കം കുറിച്ചിരുന്നു. 

മൂഴിയോട്ടില്ലം പുത്തന്‍മഠം സുരേഷ് നമ്പൂതിരിയാണ് വാളുമായി കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചത്. മുതിരേരിയില്‍ നിന്നും വാള്‍ വരുന്നതും കാത്ത് നിരവധിപേര്‍ ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിലെത്തിയിരുന്നു. ഒറ്റയ്ക്ക് കിലോമീറ്ററുകള്‍ നടന്നാണ് ക്ഷേത്രം മേല്‍ശാന്തി സന്ധ്യയോടെ ഇവിടെ എത്തിച്ചേര്‍ന്നത്. 

 കൊട്ടിയൂരിലെത്തിച്ച വാള്‍ ക്ഷേത്ര ശ്രീകോവിലില്‍ ബിംബത്തോട് ചേര്‍ത്തു വച്ച് പൂജകള്‍ നടത്തിയ ശേഷം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഇതിനു പിറകെയാണ് മറ്റെല്ലാ എഴുന്നള്ളത്തും നടന്നത്. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് ഇനി വാള്‍ സൂക്ഷിക്കുക. എല്ലാ ദിവസവും വാളില്‍  വിവിധ പൂജകളും നടത്തും. വാളെഴുന്നള്ളിച്ച ശേഷം മുതിരേരി കിഷേത്രത്തിലേക്കുള്ള വഴി മുള്ളു കൊണ്ട് അടച്ചു.  

മിഥുനത്തിലെ ചിത്ര നക്ഷത്രത്തില്‍  വാള്‍ തിരിച്ചെത്തിക്കും. എഴുന്നള്ളിച്ച വാള്‍  തിരിച്ചെത്തിച്ച ശേഷമാണ് ഇനി മുതിരേരി ക്ഷേത്രത്തില്‍ പൂജകളുണ്ടാവുക. ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്ക് മേല്‍ശാന്തി മൂഴിയോട്ട് ഇല്ലം സുരേന്ദ്രന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.