കള്ളവോട്ട് : എല്‍ഡിഎഫും യുഡിഎഫും മാപ്പ് പറയണം

Saturday 18 May 2019 2:59 pm IST

 

മലപ്പുറം: കണ്ണൂരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. റീ പോളിങ് നടത്തുന്നത് സ്വാഗതാര്‍ഹമാണ്. കള്ളവോട്ട് ചെയ്തതിന്റെ പേരിലുള്ള റീ പോളിങ് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പര്‍ദ്ദ ധരിച്ച് വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന എംവി ജയരാജന്റെ പ്രസ്താവനയേയും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. 

വസ്ത്രധാരണവുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ട്. സിപിഎം വോട്ടിനു വേണ്ടി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി സിപിഎം ഉഴുതു മറിച്ച മണ്ണില്‍ യുഡിഎഫ് വിളവെടുക്കുന്നതിലുള്ള നിരാശ മൂലമാണ് പര്‍ദ്ദ വിഷയത്തില്‍ ഇപ്പോള്‍ സിപിഎം നിലപാട് മാറ്റാന്‍ കാരണം. റീപോളിങ്ങിന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ ഉത്തരവാദികളാണ്. ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താറുള്ള സിപിഎം തന്ത്രം ഇത്തവണ യുഡിഎഫും ഉപയോഗിക്കുന്നുണ്ടെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.

കള്ളവോട്ട് സംബന്ധിച്ച് ഇപ്പോള്‍ കണ്ടെത്തിയത് മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ്. ബൂത്ത് പിടുത്തത്തിന് സമാനമായ നടപടികളാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തിയത്. ജനാധിപത്യ പ്രക്രിയ അട്ടിമറിച്ചതിന് ഇരു പാര്‍ട്ടികളും ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും പറഞ്ഞു.

കള്ളവോട്ട് തടയാനായി കുറ്റമറ്റ രീതിയിലുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തണം. അതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.