ബിഎസ്എന്‍എല്ലിലും ആധാര്‍ എന്റോള്‍മെന്റ്

Saturday 18 May 2019 3:44 pm IST

തിരുവനന്തപുരം: ബിഎസ്എന്‍എല്ലിന്റെ കേരളത്തിലെ 262 ഉപഭോക്തൃ സേവനകേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റിനുള്ള സംവിധാനം ഒരു മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് കേരള ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പും ലഭ്യമാക്കുന്നു. 399 രൂപ മുതലുള്ള പ്രതിമാസ നിശ്ചിതചാര്‍ജ്ജുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളിലുള്ള മൊബൈല്‍ ഉപഭോക്താക്കള്‍ക്കും, 745 രൂപ മുതലുള്ള പ്രതിമാസ നിശ്ചിതചാര്‍ജ്ജുള്ള ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്കും 12 മാസത്തേക്ക് അധിക നിരക്ക് നല്‍കാതെ 999 രൂപയുടെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 15 ലക്ഷം പുതിയ വരിക്കാരെ ബിഎസ്എന്‍എല്ലിന്  ലഭിച്ചു. മൂന്ന് ലക്ഷം പേര്‍  പോര്‍ട്ട് ഇന്‍ വഴി ബിഎസ്എന്‍എല്‍ വരിക്കാരായപ്പോള്‍, പോര്‍ട്ട് ഔട്ട് ചെയ്തത് രണ്ട് ലക്ഷം പേര്‍ മാത്രമാണ്. 4ജി സേവനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. തൃശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, നിലമ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ കാലയളവില്‍ 4ജി സേവനം വ്യാപിപ്പിച്ചത്. സാങ്കേതിക തടസ്സങ്ങള്‍ കാരണം 4ജി നടപ്പാക്കാന്‍ കഴിയാത്ത പ്രധാനപ്പെട്ട പല നഗരങ്ങളെയും 2020 ഓടുകൂടി നേരിട്ട് 5ജിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

666 രൂപയ്ക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും, പരിധിയില്ലാതെ കോളുകളും നല്‍കുന്ന പുതിയ മൊബൈല്‍ പ്ലാനും നില്‍വില്‍ വന്നിട്ടുണ്ട്. 134 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. പ്രതിദിനം 100 എസ്എംഎസ്സുകളും ഈ പ്ലാനില്‍ ലഭ്യമാകും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍മാരായ ഡോ. എസ് ജ്യോതിശങ്കര്‍, കുളന്തൈവേല്‍, എസ്എസ് തമ്പി,  സതീഷ്റാം, ജനറല്‍ മാനേജര്‍മാരായ പി.ജി. നിര്‍മ്മല്‍, സുകുമാരന്‍, സതീഷ്. ആര്‍ എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.