പാഠ്യപദ്ധതിയില്‍ വന്‍ പരിഷ്‌ക്കരണവുമായി എന്‍സിഇആര്‍ടി

Saturday 18 May 2019 6:04 pm IST
ഏറ്റവും ഒടുവില്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചത് 2005ലാണ്, പ്രൊഫ. യശ്പാലിന്റെ നേതൃത്വത്തില്‍. പരിഷ്‌ക്കരണങ്ങള്‍ക്കുള്ള നടപടി തുടങ്ങിയതായും ഉടന്‍ സമിതി രൂപീകരിക്കുമെന്നും സേനാപതി പറഞ്ഞു. സ്‌കൂള്‍ പാഠ്യപദ്ധതിക്കും പാഠപുസ്തകങ്ങള്‍ക്കുമുള്ള ചട്ടക്കൂടു തയാറാക്കുന്നതും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും എന്‍സിഇആര്‍ടിയാണ്.

ന്യൂദല്‍ഹി: ഒന്നര പതിറ്റാണ്ടിനു ശേഷം എന്‍സിഇ ആര്‍ടി( വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പരിശീലനത്തിനുമുള്ള ദേശീയ കൗണ്‍സില്‍) പാഠ്യപദ്ധതിയില്‍ സമൂല മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. കുട്ടികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന, ഭാരമില്ലാത്ത പഠനത്തില്‍ ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതി കൊണ്ടുവാനാണ് ശ്രമമെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ഹൃഷികേശ് സേനാപതി പറഞ്ഞു.

ഏറ്റവും ഒടുവില്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചത് 2005ലാണ്, പ്രൊഫ. യശ്പാലിന്റെ നേതൃത്വത്തില്‍.  പരിഷ്‌ക്കരണങ്ങള്‍ക്കുള്ള  നടപടി തുടങ്ങിയതായും ഉടന്‍ സമിതി രൂപീകരിക്കുമെന്നും  സേനാപതി പറഞ്ഞു. സ്‌കൂള്‍ പാഠ്യപദ്ധതിക്കും  പാഠപുസ്തകങ്ങള്‍ക്കുമുള്ള ചട്ടക്കൂടു തയാറാക്കുന്നതും  മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും എന്‍സിഇആര്‍ടിയാണ്.

അധ്യാപകര്‍ക്കു പകരം   കുട്ടികളെ കേന്ദ്രീകരിച്ചുള്ള പാഠ്യപദ്ധതിയാണ് 2005ല്‍ നിലവില്‍ വന്നത്. അതില്‍ത്തന്നെ കൂടുതല്‍ ശ്രദ്ധിക്കാനാണ് ശ്രമം.പാഠപുസ്തകങ്ങള്‍ യുക്തിസഹമാക്കും. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ബുദ്ധിജീവികള്‍ തുടങ്ങി വിവിധ തലങ്ങളില്‍ നിന്നുള്ള 72000 ലേറെപ്പേര്‍ നല്‍കിയ ഒരു ലക്ഷത്തിലേറെ നിര്‍ദ്ദേശങ്ങളാണ്  കൈയിലുള്ളത്. ഇവ വിലയിരുത്തിയാകും  പരിഷ്‌ക്കരണം. ഇതിന് ഒരു വര്‍ഷം വേണ്ടിവരും.

42 ലക്ഷം അധ്യാപകര്‍ക്ക് ഡിസംബറില്‍ പരിശീലനം

ഈ ഡിസംബറില്‍ രാജ്യത്തെ 42 ലക്ഷത്തിലേറെ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനുള്ള ബൃഹത് പദ്ധതിക്കും ആലോചനയുണ്ട്. ത്രിപുരയില്‍ മൂന്നുനാലു മാസം കൊണ്ട് 31,000 അധ്യാപകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.