വിഎസ്സിനേയും ഐസക്കിനേയും രൂക്ഷമായി വിമര്‍ശിച്ച് സി.ദിവാകരന്‍

Saturday 18 May 2019 6:44 pm IST
അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യമായി തടഞ്ഞുവച്ചിരുന്നതായി ദിവാകരന്‍ പറഞ്ഞു. അന്ന് ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് വരെ തനിക്ക് ചോദിക്കേണ്ടി വന്നു. ഏതു വിഷയത്തിലും സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നു അന്നുണ്ടായിരുന്നത്.

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനെതിരെയും ധനമന്ത്രി തോമസ് ഐസക്കിനെതിരെയും രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി.ദിവാകരന്‍. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയില്‍ നടന്ന പോരുകള്‍ ഉള്‍പ്പെടെ തുറന്നുപറഞ്ഞാണ് ദിവാകരന്‍ രംഗത്തെത്തിയത്. ഭരണപരിഷ്‌കാരവേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡി.സാജു അനുസ്മരണ ചടങ്ങിലായിരുന്നു ദിവാകരന്റെ തുറന്നു പറച്ചില്‍.

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യമായി തടഞ്ഞുവച്ചിരുന്നതായി ദിവാകരന്‍ പറഞ്ഞു. അന്ന് ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് വരെ തനിക്ക് ചോദിക്കേണ്ടി വന്നു. ഏതു വിഷയത്തിലും സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നു അന്നുണ്ടായിരുന്നത്. അക്കാലത്ത് മന്ത്രിസഭയില്‍ ശക്തമായ വാക്കേറ്റങ്ങള്‍ ഉണ്ടായിരുന്നു. മന്ത്രിസഭാ യോഗത്തിനിടെ താന്‍ ഫയലുകള്‍ എടുത്തെറിഞ്ഞിട്ടുണ്ടെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. 

അച്യുതാനന്ദന്‍ അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ സമ്പൂര്‍ണ പരാജയമാണെന്നും ദിവാകരന്‍ പറയുന്നു. നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടസപ്പെടുത്തുന്നതായും ദിവാകരന്‍ ആരോപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐയെ തകര്‍ക്കാന്‍ സിപിഎം മുന്നിട്ടു നില്‍ക്കുന്ന എന്ന ആരോപണം ശക്തമായി നിലനില്‍ക്കേയാണ് സിപിഐ എംഎല്‍എയുടെ രൂക്ഷവിമര്‍ശനം. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടുകൂടി സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധം വഷളാകാനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.