വോട്ട് ചോര്‍ന്നത് അന്വേഷിക്കാന്‍ മുന്നണികള്‍ കമ്മീഷനെ നിയോഗിക്കണം

Saturday 18 May 2019 7:09 pm IST

കോഴിക്കോട്: ഇരുമുന്നണികളുടെയും പരമ്പരാഗത വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ വോട്ടെണ്ണുന്നതിനു മുമ്പേ കമ്മീഷനുകളെ നിശ്ചയിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സിപിഎമ്മിലും കോണ്‍ഗ്രസിലുമുണ്ടായ ഭീമമായ വോട്ടു ചോര്‍ച്ച ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായെന്നും   അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

വരുന്ന ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച് അംഗങ്ങളുണ്ടാകും. സംസ്ഥാനത്ത് 18 മുതല്‍ 22 ശതമാനം വരെ ബിജെപി വോട്ട് സമാഹരിക്കും. മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന പാര്‍ട്ടി തന്നെയാണ് കള്ളവോട്ടിന് നേതൃത്വം നല്‍കിയത്. ജനപിന്തുണ നഷ്ടപ്പെട്ട ഇരുമുന്നണികളും ജനാധിപത്യത്തെ കശാപ്പു ചെയ്ത് വ്യാപകമായി കള്ളവോട്ടു ചെയ്തു. 

ഭരണ-പ്രതിപക്ഷ കക്ഷികള്‍ ബൂത്തുകള്‍ വീതം വച്ചു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഛത്തീസ്ഗഢ് പോലെയുള്ള മാവോയിസ്റ്റ് മേഖലകളില്‍ തോക്കേന്തി ബൂത്ത് പിടിച്ചെടുക്കുന്നതിന്റെ മറ്റൊരു രൂപമാണ് കേരളത്തില്‍ നടന്നത്. കള്ളവോട്ട് ഫലപ്രദമായി തടയുന്നതിന് പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.