വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത് ത്രിതല സുരക്ഷ

Saturday 18 May 2019 7:43 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പഴുതടച്ച ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. 23ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ ലോക്കല്‍ പോലീസിനാണ് സുരക്ഷാച്ചുമതല. അതിനുള്ളില്‍ സംസ്ഥാന സായുധ സേനയ്ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ കവാടം മുതല്‍ സിആര്‍പിഎഫിനുമായിരിക്കും ചുമതല.

രാവിലെ എട്ടു മുതല്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലേക്ക് കടക്കും. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് വരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിക്കും. ആകെ ലഭിച്ച പോസ്റ്റല്‍ ബാലറ്റുകളെക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ഥിയുടെ മാര്‍ജിനെങ്കില്‍ ബാലറ്റുകള്‍ വീണ്ടും എണ്ണും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമേ വിവിപാറ്റുകളിലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണു. 

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണുക. വോട്ടിങ് യന്ത്രത്തിലെയും വിവിപാറ്റ് സ്ലിപ്പുകളിലേയും വോട്ടുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ മൂന്നു തവണവരെ എണ്ണും. തുടര്‍ന്നും വ്യത്യാസം ഉണ്ടെങ്കില്‍ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണമാകും അന്തിമമായി രേഖപ്പെടുത്തുന്നത്. വിവിപാറ്റുകള്‍ എണ്ണി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അന്തിമഫലം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കൂയെന്നും മീണ പറഞ്ഞു.

വോട്ടെണ്ണല്‍ നടപടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.