അന്ധവിശ്വാസം: നിയമനിര്‍മാണ സാധ്യത പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Saturday 18 May 2019 9:21 pm IST
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന മാര്‍ഗങ്ങളെ കുറിച്ച് സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തതിന് പിന്നില്‍ ദുര്‍മന്ത്രവാദത്തെ തുടര്‍ന്നുള്ള പീഡനങ്ങളാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, ദുര്‍മന്ത്രവാദങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നിയമനിര്‍മാണം നടത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

 ചീഫ് സെക്രട്ടറിയോടാണ് കമ്മീഷന്‍ വിശദീകരണം തേടിയത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന മാര്‍ഗങ്ങളെ കുറിച്ച് സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. ജൂണ്‍ 18ന് കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.

2013ല്‍ മഹാരാഷ്ട്രയും 2017ല്‍ കര്‍ണാടകവും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്. എന്നാല്‍, കേരളം നിയമ നിര്‍മാണത്തിന് തയാറായിട്ടില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ  ഐപിസി നിയമത്തില്‍ കൃത്യമായ വകുപ്പില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.