മത്സ്യവില്‍പ്പന; ഇടനിലക്കാരുടെ ചൂഷണം തടയാന്‍ നടപടി വേണം

Sunday 19 May 2019 5:40 am IST

ആലപ്പുഴ: മത്സ്യ മൊത്തവ്യാപാരികളുടെ ചൂഷണത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം പി. മോഹനദാസ് ഫിഷറീസ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം വില്‍ക്കുമ്പോള്‍ മത്സ്യ മൊത്ത വ്യാപാരികളുടെ ചൂഷണത്തിനിരയാകുന്നുവെന്നാരോപിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആലപ്പുഴ ജില്ലാസെക്രട്ടറി ആന്റണി കുരിശുങ്കല്‍ നല്‍കിയ പരാതിയിലാണ് നടപടി. 

കടലില്‍ നിന്നു കൊണ്ടുവരുന്ന അഞ്ചു കൊട്ട മത്സ്യത്തിന് ഒരു കൊട്ട സൗജന്യമായി മൊത്ത വ്യാപാരികള്‍ക്ക് നല്‍കണമെന്ന് പരാതിയില്‍ പറഞ്ഞു. കമ്മീഷന്‍ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങി. ഒരു കൊട്ട മത്സ്യം സൗജന്യമായി കൊടുക്കണമെന്ന ആവശ്യത്തില്‍ മത്സ്യ മൊത്തക്കച്ചവടക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും 2018 ജനുവരി നാലിന് വിളിച്ച യോഗം അലസിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് അപൂര്‍വമായാണ് കൂടുതല്‍ മത്സ്യം ലഭിക്കുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 

അപ്പോഴെല്ലാം മൊത്തക്കച്ചവടക്കാര്‍ അവര്‍ക്ക് താത്പര്യമുള്ള വിലയാണ് നല്‍കുന്നത്. ചന്തക്കടവുകളില്‍ മത്സ്യവില്‍പ്പന നിയന്ത്രിക്കുന്നത് മൊത്ത വ്യാപാരികളാണ്. ഇവരുടെ ചൂഷണം തടയാന്‍ ആവശ്യത്തിന് ഹാര്‍ബറുകളും മത്സ്യസംഭരണ വിപണനശാലകളും അടിയന്തരമായി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനമുണ്ടാകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.