ഇന്ന് അവസാന ഘട്ടം; പോളിങ് 59 മണ്ഡലങ്ങളില്‍

Sunday 19 May 2019 7:30 am IST

ന്യൂദല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. ഏപ്രില്‍ 11ന് ആരംഭിച്ച് 39 ദിവസങ്ങള്‍ നീണ്ടുനിന്ന് ഏഴു ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ പശ്ചിമ ബംഗാളിലൊഴിച്ച് മറ്റെല്ലായിടത്തും പോളിങ്  സമാധാനപരമായിരുന്നു. ഒന്‍പതു മണ്ഡലങ്ങളില്‍ ഇന്നു വോട്ടെടുപ്പു നടക്കുന്ന ബംഗാളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

അവസാനഘട്ട വോട്ടെടുപ്പില്‍ ഇന്ന് ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 59 സീറ്റില്‍ ജനം വിധിയെഴുതും. ബിഹാര്‍ (8), ഝാര്‍ഖണ്ഡ് (3), മധ്യപ്രദേശ് (8), പഞ്ചാബ് (13), ബംഗാള്‍ (9), ചണ്ഡീഗഡ് (1), ഉത്തര്‍ പ്രദേശ് (13), ഹിമാചല്‍ പ്രദേശ് (4) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. 909 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ബൂത്തുകള്‍ തയാറാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

 പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണയും ജനവിധി തേടുന്ന വാരാണസിയാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലം. 3.78 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു 2014ല്‍ മോദിയുടെ വിജയം. 56.37 ശതമാനം വോട്ടാണ് ബിജെപി നേടിയത്. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. എസ്പി-ബിഎസ്പി സഖ്യം ശാലിനി യാദവിനെയും കോണ്‍ഗ്രസ് അജയ് റായിയെയുമാണ് ഇറക്കിയിട്ടുള്ളത്. രണ്ട് പേരും മോദിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരല്ലെന്നതിനാല്‍ മത്സരം പേരിന് മാത്രമാകും. 

 കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, മനോജ് സിന്‍ഹ, രവി ശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, സിനിമാ താരം സണ്ണി ഡിയോള്‍, കിരണ്‍ ഖേര്‍, ശത്രുഘന്‍ സിന്‍ഹ, പവന്‍ കുമാര്‍ ബന്‍സാല്‍, പ്രനീത് കൗര്‍, മിസാ ഭാരതി തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടും. യുപിയിലെ 13 സീറ്റുകളും കഴിഞ്ഞ തവണ ബിജെപി തൂത്തൂവാരിയിരുന്നു. ഇതില്‍ പത്തിടത്തും എസ്പി-ബിഎസ്പി സഖ്യമാണ് ബിജെപിയുടെ പ്രധാന എതിരാളി. മറ്റിടത്ത് ത്രികോണ മത്സരവും. സഖ്യം താഴെത്തട്ടില്‍ എത്തിയിട്ടില്ലെന്നും മോദി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസ് വിഭജിക്കുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.