സ്വര്‍ണ്ണക്കടത്ത് സിപിഎം ബന്ധം അന്വേഷിച്ചേക്കും

Sunday 19 May 2019 6:56 am IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവിലുള്ള ഇടതു അഭിഭാഷക സംഘടന നേതാവും ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്ന അഡ്വ. ബിജു മോഹനന്റെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി. കെ പ്രശാന്തിന്റെ അടുത്ത സുഹൃത്തായഇയാളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സംശയം.

ബിജുവും ഭാര്യയും തുടര്‍ച്ചയായി ദുബായ് യാത്ര നടത്തിയിരുന്നു. യാത്രയിലെല്ലാം സ്വര്‍ണം  കൊണ്ടുവന്നിരുന്നതായി ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. അഭിഭാഷകനും ഭാര്യയും ഉള്‍പ്പെടുന്ന സംഘം എട്ട് കോടിയുടെ സ്വര്‍ണം കടത്തിയത്  ആസൂത്രിതമായാണ്. ഉന്നതര്‍ ഇതിനു പിന്നില്‍ ഉണ്ടെന്നതും ഇത് വ്യക്തമാക്കുന്നു. 

  ഇവര്‍ അനധികൃതമായി സമ്പാദിക്കുന്ന പണം റിയല്‍ എസ്‌റ്റേറ്റ് മാഫിയകളില്‍ എത്തുന്നതായും അന്വേഷണ സംഘം മനസ്സിലാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇവര്‍ സ്വര്‍ണ്ണക്കടത്ത് നടത്തുന്നുണ്ട്.  ബിജു മോഹനെ  ചോദ്യം ചെയ്താല്‍ പ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ദുബായ് ഉള്‍പ്പെടെ രാജ്യങ്ങളിലേക്കാകും അന്വേഷണം നീളുക. അഭിഭാഷകന്‍ കീഴടങ്ങുമെന്ന സൂചനയനുസരിച്ചാകും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുക. സഹായികളായ ചില അഭിഭാഷകരും നിരീക്ഷണത്തിലാണ്.  ഇയാളുടെ ഭാര്യ വിനീതയില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ സ്വര്‍ണകടത്തില്‍ പിടിയിലായ സുനില്‍ കുമാര്‍ സഹായി സെറീന എന്നിവരില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് വനിതകളെയാണ് പ്രധാനമായും സ്വര്‍ണകടത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഇവരെ യാത്രക്കാരെന്ന വ്യാജേന ഇറക്കി സ്വര്‍ണം  കടത്തുമ്പോള്‍ മറഞ്ഞിരിക്കുന്ന സൂത്രധാരന്മാര്‍ നിരവധിയെന്ന് മനസിലായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.