ശുക്രദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ഒ

Sunday 19 May 2019 9:06 am IST

ശ്രീഹരിക്കോട്ട: ചൊവ്വാദൗത്യം പൂര്‍ത്തിയായി ആറു വര്‍ഷത്തിനു ശേഷം ശുക്രന്‍ ഉള്‍പ്പടെയുള്ള ഗ്രഹങ്ങള്‍ ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒ. 10 വര്‍ഷത്തിനുള്ളില്‍ ഏഴ് ബഹിരാകാശ ദൗത്യങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ തയാറെടുക്കുന്നതെന്ന് ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി. ശ്രീഹരിക്കോട്ടയില്‍ 108 സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യുവജന ശാസ്ത്ര പരിപാടി 'യുവിക-2019'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 2020ല്‍ ശുക്രനിലേക്കുള്ള ദൗത്യത്തിന് 'എക്‌സ് പോസാറ്റ്' തയാറായി. ഇതില്‍ ഗ്രഹാന്തര ദൗത്യത്തിനുള്ള ഇരുപതിലധികം ഉപഗ്രഹങ്ങളുണ്ടാകും. കോസ്മിക് റേഡിയേഷനെക്കുറിച്ചുള്ള പഠനമാണ് എക്‌സ് പോസാറ്റ് നിര്‍വഹിക്കുക. സൂര്യനെക്കുറിച്ചുള്ള പഠനത്തിന് 2021ല്‍ ആദിത്യ എല്‍ 1, 2022ല്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള രണ്ടാം ഘട്ടം, 2024ല്‍ ചാന്ദ്ര ധ്രുവങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ചാന്ദ്രയാന്‍-3 തുടങ്ങിയവും ഭാവി പദ്ധതികളാണ്. 2028ല്‍ സൗരയൂഥത്തിന് പുറത്തേക്കുള്ള പര്യവേഷണവും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാരം, വലുപ്പം, ഘടന, സാന്ദ്രത, ഗുരുത്വാകര്‍ഷണം എന്നിവയില്‍  ശുക്രന് ഭൂമിയുമായി സാമ്യമുണ്ട്. ഉപരിതലം, അതിന്റെ ഉപ ഉപരിതലം, അന്തരീക്ഷത്തിലെ രാസഘടന, സൂര്യവികരണം, സൂര്യതാപം, സൗരക്കാറ്റ് എന്നിവയെക്കുറിച്ചാകും ശുക്രനില്‍ എക്‌സ് പോസാറ്റ് പഠനം നടത്തുക. അന്താരാഷ്ട്രതലത്തില്‍ ശുക്ര ദൗത്യത്തോട് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇരുപതിലധികം ഉപഗ്രഹങ്ങള്‍ ഭാരതത്തിന്റെ ദൗത്യത്തോടൊപ്പം അയയ്ക്കാന്‍ വിവിധരാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആദിത്യ എല്‍1, എക്‌സ് പോസാറ്റ് ദൗത്യങ്ങള്‍ അവസാനഘട്ടത്തിലാണ്. ബാക്കിയുള്ളവ ആസൂത്രണഘട്ടത്തിലും. ആദിത്യ എല്‍ 1, സൂര്യദൗത്യവും ഭൂമിയിലെ കാലാവസ്ഥാ വ്യതിയാന പഠനത്തില്‍ മുഖ്യപങ്കാകും വഹിക്കുക. ഉപഗ്രഹങ്ങള്‍ സൂര്യന്റെ വാതകനിബദ്ധമായ ബാഹ്യാന്തരീക്ഷത്തെ കുറിച്ച് പഠിക്കും. സൂര്യന്റെ ബാഹ്യന്തരീക്ഷമാണ് ഉപരിതല അന്തരീക്ഷത്തില്‍ ഇടപെട്ട് ഭൂമിയില്‍ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്നത്. സോളാര്‍ കൊറോണയെക്കുറിച്ചുള്ള നിരീക്ഷണം കാലാവസ്ഥാ പ്രവചനം കൂടുതല്‍ കൃത്യതയോടെ നടത്തുന്നതിന് സഹായിക്കും.

സൂര്യ പഠനത്തിനുള്ള ദൗത്യം 2020ല്‍ തന്നെ നടത്താനാകുമെന്നാണ് കരുതുന്നത്. ഉപഗ്രഹത്തെ ഭൂമിയില്‍ നിന്ന് 1.5 മില്യണ്‍ കിലോമീറ്റര്‍ ദൂരത്തില്‍ അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ ഒരു ശതമാനം ദൂരത്തില്‍ സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്‍ഷണം തുല്യമാകുന്ന ഭാഗത്താകും സ്ഥാപിക്കുക. ഈ ഭാഗത്ത് ഉപഗ്രഹം സ്ഥാപിച്ചാല്‍ സൂര്യന് സ്ഥിരോപഗ്രഹമായും ഭൂമിയെ ഭ്രമണ ചെയ്യുന്നതിനും ഒരേ സമയം സാധിക്കും. ചാന്ദ്രയാന്‍-2 ജൂലൈയില്‍ വിക്ഷേപിക്കുമെന്നും ശിവന്‍ പറഞ്ഞു.

ശുക്രന്‍

 സൂര്യനോട് അടുത്ത നില്‍ക്കുന്ന രണ്ടാമത്തെ ഉപഗ്രഹമാണ് ശുക്രന്‍. ആദ്യം ബുധന്‍. പുലര്‍ച്ചെ ആകാശത്തില്‍ തിളക്കത്തോടെ പ്രത്യേക്ഷപ്പെടുന്ന ശുക്രനില്‍ ഒരു വര്‍ഷം 225 ദിവസമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.