മുഖ്യമന്ത്രിമോഹികള്‍ പെരുകുന്നു കോണ്‍ഗ്രസ്സില്‍ പോര് മുറുകുന്നു

Sunday 19 May 2019 9:26 am IST

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ണാടകയില്‍ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ്സില്‍ പോര് മുറുകുന്നു. കോണ്‍ഗ്രസ്സിലെ വിഭാഗീയതയുടെ തീ ആളിക്കത്തിച്ച് ജെഡിഎസ്. 

ലോക്‌സഭാ ഫല പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം തുടരണമെങ്കില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നു. കോണ്‍ഗ്രസ്സിലെ വിഭാഗീയത ആളികത്തിച്ച് ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ജെഡിഎസ് ഒരുക്കുന്നത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇതിന് തുടക്കമിട്ടു. 

കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ലോക്‌സഭയിലെ പാര്‍ട്ടി ലീഡറുമായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ വര്‍ഷങ്ങള്‍ക്കു മുമ്പേ മുഖ്യമന്ത്രിയാകേണ്ടിയിരുന്നുവെന്നും അദ്ദേഹത്തിന് നീതി  ലഭിച്ചില്ലെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന. ചിഞ്ചോളി ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ സാന്നിധ്യത്തിലായിരുന്നു കുമാരസ്വാമിയുടെ പരാമര്‍ശം. കുമാരസ്വാമിയുടെ പരാമര്‍ശത്തെ തള്ളിക്കളയാതെയായിരുന്നു മല്ലികാര്‍ജുന ഖാര്‍ഗെയുടെ പ്രസംഗം. 

കുമാരസ്വാമി ലക്ഷ്യമിടുന്നത് തന്നെയാണെന്ന് മനസ്സിലാക്കിയ സിദ്ധരാമയ്യ തിരിച്ചടിച്ചു. കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി. രേവണ്ണയ്ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവന. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് സീറ്റു കുറഞ്ഞത് സിദ്ധരാമയ്യയുടെ ഭരണം കൊണ്ടാണെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്. വിശ്വനാഥ് മറുപടി നല്‍കി. ഇതോടെ സിദ്ധരാമയ്യയെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇവര്‍ 21ന് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയ്ക്ക് സൂചന ലഭിച്ചിരുന്നു. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയെ മുന്‍ നിര്‍ത്തിയാണ് ദേവഗൗഡ നീക്കം നടത്തുന്നത്. താന്‍ തുമകൂരു ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ചാല്‍ പരമേശ്വരയെ മുഖ്യമന്ത്രിയായും എച്ച്.ഡി. രേവണ്ണയെ ഉപമുഖ്യമന്ത്രിയായും നിശ്ചയിക്കാമെന്നാണ് ദേവഗൗഡയുടെ വാഗ്ദാനം. പരമേശ്വരയുടെ അടുത്ത അനുയായിയുടെ ഫോണ്‍ സംഭാഷണം പരസ്യമായതോടെയാണ് ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. 

തുമകൂരുവില്‍ ദേവഗൗഡയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരമേശ്വര ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതോടെ ദേവഗൗഡയുടെ പ്രചാരണത്തിന്റെ നേതൃത്വം പരമേശ്വര ഏറ്റെടുക്കുകയായിരുന്നു.  ജനുവരിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ ദളിതനായതിനാല്‍ മുഖ്യമന്ത്രിയാകാന്‍ സാധിച്ചില്ലെന്ന് പരമേശ്വര പറഞ്ഞത് വിവാദമായിരുന്നു. മൂന്നു തവണ മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചിരുന്നു, എന്നാല്‍ ദളിതനായതിനാല്‍ അവസാന നിമിഷം ഒഴിവാക്കപ്പെട്ടെന്നായിരുന്നു പരമേശ്വര പറഞ്ഞത്. ഖാര്‍ഗെയും സമാന രിതിയില്‍ അവഗണിക്കപ്പെട്ടതായി പരമേശ്വര യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 

 ജെഡിഎസ് വിട്ട് കോണ്‍ഗ്രസ്സിലെത്തിയ സിദ്ധരാമയ്യയെ അംഗീകരിക്കില്ലന്ന സൂചനയാണ് ജെഡിഎസ് നല്‍കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം  ഒഴിയേണ്ടിവന്നാല്‍ മല്ലികാര്‍ജുന ഖാര്‍ഗെ, പരമേശ്വര എന്നിവരെ അനുകൂലിക്കുന്ന സമീപനമാകും ജെഡിഎസ് സ്വീകരിക്കുക. 

ഇത്തരം ഒരു സാഹചര്യം വന്നാല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാകുമെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ സാധിക്കാതെ വന്നാല്‍ കുമാരസ്വാമിക്ക് തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കുമെന്നുമാണ് ജെഡിഎസ് കണക്കുകൂട്ടല്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.