പതിവ് തെറ്റിക്കാതെ നേഗി ഇത്തവണയും വോട്ട് ചെയ്യാനെത്തി

Sunday 19 May 2019 6:37 pm IST
ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം റിട്ടയേര്‍ഡ് അധ്യാപകനായ നേഗി 1917 ജൂലൈയിലാണ് ജനിച്ചത്. ഇത് പ്രകാരം അദ്ദേഹത്തിനിപ്പോള്‍ 102 വയസ്സുണ്ട്. ഒരു നൂറ്റാണ്ടിന്റെ ജീവിത കാലയളവില്‍ ഒരൊറ്റ വോട്ട് പോലും അദ്ദേഹം പാഴാക്കിയിട്ടില്ല.

ഷിംല: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പതിവ് മുടക്കാതെ ഇത്തവണയും വോട്ട് ചെയ്യാനെത്തി സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ വോട്ടറായ ശ്യാം സരണ്‍ നേഗി. 102 വയസ്സുകാരനായ നേഗിക്ക് കാഴ്ച്ചക്കുറവ് വന്നിട്ടുണ്ട്. പ്രായാധിക്യം ആരോഗ്യത്തേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ നേഗിയുടെ വോട്ട് ചെയ്യാനുള്ള ഇച്ഛാശക്തിയുടെ മുന്നില്‍ തോറ്റ് മടങ്ങുകയായിരുന്നു. 

ഹിമാചല്‍ പ്രദേശിലെ കിന്നൊര്‍ ജില്ല ഉള്‍പ്പെടുന്ന മണ്ടി ലോക്‌സഭാ മണ്ഡലത്തിലെ കല്‍പ്പ പോളിങ് ബൂത്തിലാണ് ശ്യാം ശരണ്‍ നേഗി വോട്ട് ചെയ്യാനെത്തിയത്. നേഗിക്ക് ഹൃദ്യമായ സ്വാഗതമാണ് പോളിങ് ബൂത്തിലെ അധികാരികള്‍ നല്‍കിയത്. സംസ്ഥാനത്തെ നൂറിന് മുകളില്‍ പ്രായമുള്ള 999 വോട്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം.

ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം റിട്ടയേര്‍ഡ് അധ്യാപകനായ നേഗി 1917 ജൂലൈയിലാണ് ജനിച്ചത്. ഇത് പ്രകാരം അദ്ദേഹത്തിനിപ്പോള്‍ 102 വയസ്സുണ്ട്. ഒരു നൂറ്റാണ്ടിന്റെ ജീവിത കാലയളവില്‍ ഒരൊറ്റ വോട്ട് പോലും അദ്ദേഹം പാഴാക്കിയിട്ടില്ല. അദ്ദേഹത്തിന് തന്റെ ആദ്യത്തെ വോട്ട് ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് 1952 ഫെബ്രുവരി മാസത്തിലായിരുന്നു നടന്നത്. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ കാലാവസ്ഥാ വ്യതിയാനം മുന്നില്‍ കണ്ട് അവിടെ തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടതായി വന്നു. 

തുടര്‍ന്ന് 1951 ഒക്ടോബര്‍ 23ന് ഒരു പോളിങ് ഉദ്യോഗസ്ഥന്‍ കൂടിയായ അദ്ദേഹം രാവിലെ ഏഴ് മണിക്ക് തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ആ പ്രദേശത്ത് തന്നെ ആദ്യം വോട്ട് ചെയ്ത വ്യക്തി താനാണെന്ന വിവരം പിന്നീടാണ് അദ്ദേഹം അറിയുന്നത്. പഴയ ഓര്‍മ്മകള്‍ വീണ്ടെടുക്കുമ്പോള്‍ ഇപ്പോഴും കണ്ണുകളില്‍ തിളക്കം. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2010ല്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീന്‍ ചാവ്‌ല നേഗിയെ അദ്ദേഹത്തിന്റെ ഗ്രാമത്തിലെത്തി ആദരിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.