രുദ്ര ഗുഹയുടെ സവിശേഷതകള്‍ ഇങ്ങനെ

Monday 20 May 2019 4:18 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിലെ ക്ഷേത്രത്തിന് സമീപമുള്ള രുദ്ര ഗുഹയില്‍ ധ്യാനിച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ മോദി വിരോധികള്‍ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഗുഹയ്ക്കുള്ളില്‍ ഫോട്ടോഗ്രാഫറെ കൊണ്ടുപോയി, ഗുഹയക്കുള്ളില്‍ ഹാന്‍ങ്ങര്‍ തുടങ്ങിയ ആരോപണങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ പരിഹാസം നിറച്ചു. മലയാള മാധ്യമങ്ങള്‍ ട്രോളുകളെ വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ ധ്യാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉയരത്തില്‍ ഗുഹ നിര്‍മ്മിച്ചത് തന്നെ മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നും ടൂറിസ്റ്റുകള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതാണെന്നും ഗാര്‍ഹ്വല്‍ മണ്ഡല്‍ വികാസ് നിഗം (ജിഎംവിഎന്‍) അധികൃതര്‍ വ്യക്തമാക്കിയതോടെ മോദി വിരോധികളുടെ വായടഞ്ഞിരിക്കുകയാണ്.

ശനിയാഴ്ചയാണ് കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയ മോദി ക്ഷേത്രത്തിന് സമീപത്തുള്ള ഗുഹയ്ക്കുള്ളില്‍ ധ്യാനനിമഗ്നനായത്. സമുദ്ര നിരപ്പില്‍ നിന്നും 12000 അടി ഉയരത്തില്‍ ഉത്തരാഘണ്ഡിലെ കേദാര്‍നാഥില്‍ നിന്ന് ഒരുകിലോമീറ്റര്‍ ഉയരത്തിലാണ് രുദ്രഗുഹ. ഒരു ദിവസത്തേക്ക് 990 രൂപ വാടകയ്ക്ക് നല്‍കുന്നതാണെന്ന് ജിഎംവിഎന്‍ അധികൃതര്‍ പറഞ്ഞു. ധ്യാനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷമാണ് കേദാര്‍നാഥിന് സമീപം ഗുഹ നിര്‍മ്മിക്കുന്നത്. മുമ്പ് മോദി കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോള്‍ മുന്നോട്ടുവച്ച നിര്‍ദേശപ്രകാരമായിരുന്നു നിര്‍മിതി. 

ഏകാന്തമായ ധ്യാനത്തിന്റെ അനുഭവം ലഭ്യമാക്കുന്ന തരത്തിലാണ് ഗുഹയുടെ രൂപകല്‍പന. നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്‍ട്ടനിയറിങ് വിഭാഗത്തിന്റെ പങ്കാളിത്തത്തോടെയായിരുന്നു നിര്‍മ്മാണം. ഗുഹയ്ക്ക് തടികൊണ്ടുള്ള വാതിലുണ്ട്. പത്തടി ഉയരത്തിലാണ് മേല്‍ക്കൂര. ഗുഹയക്കുള്ളില്‍ ധ്യാനത്തിനുള്ള സ്ഥലവും കിടക്കയും ഉണ്ട്. പ്രധാന കവാടം കഴിഞ്ഞുള്ള മുറിയില്‍ വാതിലും ജനലും ഉണ്ട്. വൈദ്യുതി, കുടിവെള്ളം, ശുചിമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മൂന്നുനേരം ഭക്ഷണം, രണ്ട് നേരം ചായ തുടങ്ങിയവയും ലഭിക്കും. താമസക്കാരന്റെ ഇഷ്ടാനുസരണം ആഹാരക്രമത്തില്‍ മാറ്റംവരുത്താം. 24 മണിക്കൂറും സഹായം ലഭിക്കുന്ന കോള്‍ ബെല്ലും അത്യാഹിത സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഫോണും സജ്ജീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കേന്ദ്രത്തിലുള്ള ഗുഹയില്‍ ധ്യാനത്തെ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരാള്‍ക്ക് മാത്രമാണ് പ്രവേശനം. ധ്യാനത്തിലിരിക്കുന്ന സ്ഥലത്ത് ഇരുന്നാല്‍ കേദാര്‍നാഥിലെ പുരാതന ക്ഷേത്രത്തിന്റെ നയനമഹോഹര ദൃശ്യവും കാണാം. 

ആദ്യം 3000 രൂപയാണ് വാടക നിശ്ചയിച്ചത്. ഗുഹ തുറന്ന് കൊടുക്കുന്ന സമയം തണുപ്പ് വളരെ കൂടുതല്‍ ആയിരുന്നു. വാടക കൂടുതലായതിനാല്‍ കുറച്ച് സഞ്ചാരികള്‍ മാത്രമാണ് ഗുഹ ഉപയോഗിക്കാന്‍ തയാറായത്. കുറഞ്ഞത് മൂന്നുദിവസത്തേക്ക് ബുക്കുചെയ്യണം എന്ന നിബന്ധനയും ഈ വര്‍ഷം എടുത്തുമാറ്റിയെന്നും വാടക 990 ആയി കുറച്ചെന്നും ജിഎംവിഎന്‍ ജനറല്‍ മാനേജര്‍ ബി.എല്‍.റാണ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിസിടിവി സജ്ജീകരിച്ചു എന്നതു മാത്രമാണ് പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വരുത്തിയ മാറ്റമെന്ന് നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്‍ട്ടനിയറിംഗ് അധികൃതര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.