തെരഞ്ഞെടുപ്പ് അക്രമം: മമതയെ വെല്ലുവിളിച്ച് യോഗി

Monday 20 May 2019 4:36 am IST

ഗോരഖ്പൂര്‍: ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമത്തില്‍ മമതയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുതെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളിലും പോളിങ് നടന്ന യുപിയെയും ബംഗാളിനെയും തെരഞ്ഞെടുപ്പ് അക്രമത്തിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യാന്‍ ധൈര്യമുണ്ടോയെന്നും യോഗി ചോദിച്ചു. 

രാജ്യത്ത് ബിജെപിക്ക്  മാത്രമായി 300ല്‍ പരം സീറ്റുകള്‍ ലഭിക്കുമെന്നും സഖ്യ കക്ഷികളുടേതു കൂടിയാകുമ്പോള്‍ ഇത് നാനൂറ് കടക്കുമെന്നും യോഗി വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 74 സീറ്റുകള്‍ നേടുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ണമായും മോദിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള തെരഞ്ഞെടുപ്പുകളിലെ ആദ്യ സംഭവമാണിത്. ചൂണ്ടിക്കാട്ടാന്‍ ഭരണവീഴ്ചകളില്ലാത്തതിനാല്‍ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കാന്‍ തുടങ്ങി. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്തു കൊണ്ട് ഇതാദ്യമായാണ് ജനം മോദിയുടെ പ്രവര്‍ത്തനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. 

ക്രമസമാധാനം തകര്‍ന്ന ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നടപടിയെടുക്കാന്‍ കോടതി ആവശ്യപ്പെടുമ്പോള്‍ ജനങ്ങള്‍ ഭരണകര്‍ത്താക്കളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്, യോഗി ചോദിച്ചു. യുപിയെയും ബംഗാളിനെയും താരതമ്യം ചെയ്യൂ, ആദ്യ ആറു ഘട്ടങ്ങളിലും ഒരിടത്ത് പോലും യുപിയില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, യോഗി പറഞ്ഞു.

അവസാനഘട്ട വോട്ടെടുപ്പ് നടന്ന ഇന്നലെ പാര്‍ട്ടി സ്ഥാനാര്‍ഥി രവി കിഷനോടൊപ്പം ഗോരഖ്പൂരിലാണ് യോഗി വോട്ട് രേഖപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.