ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലും എന്‍ഡിഎ മുന്നേറ്റം പ്രവചിക്കുന്നു. ഉത്തര്‍പ്രദേശില്‍ വ്യക്തമായ മുന്‍തൂക്കം നല്കുന്ന എക്സിറ്റ് പോളുകള്‍ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും എന്‍ഡിഎയ്ക്ക് വ്യക്തമായ മേല്‍ക്കൈ നല്കുന്നു.
യുപിയില്‍ എന്‍ഡിഎ
യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തെ എന്‍ഡിഎ മറികടക്കും. ഏഴ് എക്സിറ്റ് പോളുകള്‍ 45 സീറ്റാണ് എന്‍ഡിഎയ്ക്ക് നല്‍കുന്നത്. മായാവതി-അഖിലേഷ് സഖ്യത്തിന് 32 സീറ്റുകള്‍. ടൈംസ് നൗ എന്‍ഡിഎയ്ക്ക് 58 സീറ്റും സി വോട്ടര്‍ 38 സീറ്റും നല്കുന്നു. എസ്പി-ബിഎസ്പി സഖ്യത്തിന് യഥാക്രമം 20, 40 സീറ്റുകള്‍. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ഒതുങ്ങുമെന്ന് രണ്ട് സര്‍വെകളും ചൂണ്ടിക്കാട്ടുന്നു.
ബംഗാളിലും ഒഡീഷയിലും മുന്നേറ്റം
ഭരണത്തിലില്ലാത്ത ബംഗാളിലും ഒഡീഷയിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും പ്രവചനം. റിപ്പബ്ലിക് ജന്‍ കീ ബാത്ത് 18-26 സീറ്റ് വരെയാണ് എന്‍ഡിഎയ്ക്ക് ബംഗാളില്‍ നല്‍കുന്നത്. ഇന്ത്യാ ന്യൂസ് 14 സീറ്റും റിപ്പബ്ലിക് സി വോട്ടര്‍ 11 സീറ്റും നല്കുന്നു. 2014ല്‍ രണ്ട് സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഒഡീഷയില്‍ ടൈംസ് നൗ 12, ജന്‍ കീ ബാത്ത് 12, സി വോട്ടര്‍ 10, ന്യൂസ് 18 6-8, ഇന്ത്യ ടിവി ആറ്, എന്‍ഡിടിവി 10 എന്നിങ്ങനെയാണ് ബിജെപിക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്നത്. ബിജെഡി യഥാക്രമം എട്ട്, എട്ട്, 11, 12-14, 15, 10 സീറ്റുകള്‍ നേടും.
ഉറച്ചകോട്ടയായി ഗുജറാത്തും ദല്‍ഹിയും
ഗുജറാത്തും ദല്‍ഹിയും ബിജെപി തൂത്തുവാരും. ഗുജറാത്തില്‍ മുഴുവന്‍ സീറ്റും ബിജെപി നേടുമെന്ന് ആജ്തക്-ആക്സിസ്, ടുഡെയ്സ് ചാണക്യ എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാനമായ ന്യൂദല്‍ഹിയില്‍ ആകെയുള്ള ഏഴ് സീറ്റും ബിജെപിക്കെന്നാണ് ഇന്ത്യാ ടിവിയുടെയും സിവോട്ടറിന്റെയും പ്രവചനം. മധ്യപ്രദേശില്‍ സി വോട്ടര്‍ ബിജെപിക്ക് 29ല്‍ 24ഉം ഇന്ത്യാ ടുഡെ 26-28 സീറ്റുകളും നല്കുന്നു. കോണ്‍ഗ്രസിന് അഞ്ച് വരെ സീറ്റുകള്‍ ലഭിക്കാം. രാജസ്ഥാനില്‍ 25ല്‍ ബിജെപിക്ക് സി വോട്ടര്‍ 22, ടൈംസ് നൗ 21 സീറ്റുകള്‍ പ്രവചിക്കുന്നു. മഹാരാഷ്ട്രയില്‍ 48ല്‍ 38-42 എന്‍ഡിഎയും കോണ്‍ഗ്രസ് 6-10 സീറ്റും നേടുമെന്ന് ഇന്ത്യാ ടുഡെ വ്യക്തമാക്കുന്നു.
ആന്ധ്രയില്‍ ജഗന്
പ്രതിപക്ഷ സഖ്യത്തിനായി ഓടിനടക്കുന്ന ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന് കനത്ത തിരിച്ചടിയാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ആന്ധ്രയില്‍ ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ടൈസ് നൗ-വിഎംആര്‍ 18 സീറ്റും ഇന്ത്യാ ടുഡെ 18-20 സീറ്റും ന്യൂസ് പതിനെട്ട് 13-14 സീറ്റും നല്കുന്നു. ഐഎന്‍എസ്-സി വോട്ടറും ടുഡെയ്സ് ചാണക്യയും ടിഡിപിക്ക് മുന്‍തൂക്കം നല്കുന്നു.
കേരളത്തില്‍ മൂന്ന് വരെ സീറ്റുകള്‍
കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ആറ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ന്യൂസ് നാഷന് മൂന്ന് വരെ സീറ്റും റിപ്പബ്ലിക് രണ്ട് സീറ്റും പ്രവചിക്കുന്നു. മറ്റുള്ളവര്‍ ഒരു സീറ്റാണ് നല്‍കുന്നത്. സിഎന്‍എന്‍-ന്യൂസ് 18 ഒഴികെയുള്ള ഫലങ്ങള്‍ യുഡിഎഫിന് മുന്‍തൂക്കം നല്കുന്നു. എല്‍ഡിഎഫ് നാലില്‍ ഒതുങ്ങുമെന്ന് ടൈംസ് നൗവും 3-5 വരെയെന്ന് ഇന്ത്യാ ടുഡെയും പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: