നസീര്‍ വധശ്രമം : 3 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Monday 20 May 2019 10:15 am IST

തലശ്ശേരി : വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 

സിപിഎമ്മുമായി അകന്നതും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതുമാണ് വിരോധത്തിന് കാരണമെന്ന് നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തില്‍ ഒരാള്‍ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിക്കുകയും, മറ്റൊരാള്‍ കത്തി കൊണ്ട് വയറിലും കൈകളിലും കുത്തുകയും ബൈക്ക് ഓടിച്ചയാള്‍ നിലത്ത് വീണ നസീറിന്റെ ദേഹത്ത് കൂടി ബൈക്ക് കയറ്റാന്‍ ശ്രമിച്ചുവെന്നാണ് മൊഴി. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. നസീറിന് തലയിലും കൈകാലുകളിലും വയറിലും ആഴത്തില്‍ മുറിവേറ്റിരുന്നു. നസീര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

ശനിയാഴ്ച വൈകീട്ട് തലശ്ശേരി കയ്യത്ത് റോഡിലൂടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് നസീറിന് നേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടറില്‍ ഇടിച്ചശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.