തിരുവനന്തപുരം: അമേയയെ ചേര്‍ത്തു പിടിക്കാന്‍ ഒരു നാട് മുഴുവന്‍ ഒന്നടങ്കം രംഗത്താണ്. വര്‍ക്കല ഇടവ സ്വദേശിയായ അജിത്ത് കുമാറിന്റെ മകള്‍ ഒന്നരവയസ്സുള്ള അമേയ അജിത്തിന് അടിയന്തരമായി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനുവേണ്ടി വരുന്ന ഭാരിച്ച തുക കണ്ടെത്തുന്നതിന് ഒരു നാടു മുഴുവന്‍ കര്‍മരംഗത്താണ്.
സഹായമഭ്യര്‍ത്ഥിച്ച് നവമാധ്യമങ്ങളിലൂടെ രംഗത്തെത്തിയ നാട്ടുകാരനും സംവിധായകനുമായ അരുണ്‍ ഗോപി വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തി. വര്‍ക്കല-കൊട്ടിയം റൂട്ടിലോടുന്ന പാലയ്ക്കാവിലമ്മ ബസുകളുടെ ഒരു ദിവസത്തെ കളക്ഷന്‍ മുഴുവന്‍ അവള്‍ക്കായി നല്കി. ജീവകാരുണ്യ പ്രവര്‍ത്തകയും പാട്ടുകാരിയുമായ പ്രിയ അച്ചുവിന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് മണിക്കൂറോളം വര്‍ക്കലയില്‍ സഹായമഭ്യര്‍ത്ഥിച്ച് പാട്ടു പാടി.
നിരവധി യുവാക്കള്‍ പരിപാടിക്കൊപ്പം ചേര്‍ന്ന് ബക്കറ്റുകളുമായി നന്മ വറ്റാത്ത ഹൃദയങ്ങളില്‍ മുട്ടി. രാവിലെ മുതല്‍ രാത്രി വരെയും ഈ സ്നേഹക്കൂട്ടം അമേയക്കായി കൈ മെയ് മറന്ന് നിന്നു. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ക്കും ചാരിറ്റിക്കും പ്രാധാന്യം നല്കി സിനിമകള്‍ നിര്‍മിക്കുന്ന ആരവ് സിനിമാസിലെ വിശാഖ് വി മോഹന്‍, പ്രസൂണ്‍, അച്ചു മോഹന്‍, ഷിബു ഗോപിനാഥ്, പൃഥ്വി എന്നിവര്‍ ചേര്‍ന്ന് അമേയക്ക് വേണ്ടി ‘കൈ കോര്‍ക്കാം’ എന്ന ഷോര്‍ട്ട് ഫിലിമും നിര്‍മിച്ചു. സാധ്യമായ മുഴുവന്‍ വഴികളിലൂടെയും ഒരു കുഞ്ഞിനെ രക്ഷിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ്.
വര്‍ക്കല ഇടവ സ്വദേശിയായ അജിത്ത് കുമാറിന്റെ മകള്‍ ഒന്നരവയസ്സുള്ള അമേയ അജിത്തിന് MPS1 (Muco Polysaccha ridesis Type ts1) എന്ന ജനിതക രോഗമാണ്. വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ സിഎംസിയിലേക്ക് മാറ്റണം. അടിയന്തരമായി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് 35 ലക്ഷത്തോളം രൂപ ചെലവാകും. ഒറ്റക്ക് എത്രകൂട്ടിയാലും കൂടാത്ത വന്‍തുകയ്ക്ക് മുന്നില്‍ കുഞ്ഞ് അമേയയുടെ കുടുംബം നിസ്സഹായാവസ്ഥയിലാണ്.
ഫെഡറല്‍ ബാങ്ക് ഇടവ ശാഖയില്‍ അജിത് കുമാറിന് അക്കൗണ്ടുണ്ട്. വിവരങ്ങള്‍ Account name: Ajith Kumar T, Account number: 10630 100126939 Federal Bank Ed, IFSC code FDRL0001063. ഫോൺ: +91 9633435211, +91 96450 58451.
പ്രതികരിക്കാൻ ഇവിടെ എഴുതുക: