കണ്ണൂര്‍ : കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റീപോളിങ് നടന്ന കണ്ണൂരിലെ പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്. കോണ്‍ഗ്രസ് ബൂത്ത് ഏജന്റായിരുന്ന പിലാത്തറ പുത്തൂരിലെ വിടിവി പത്മനാഭന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച രാത്രി 12 ഓടെയായിരുന്നു ആക്രമണമുണ്ടായത്.
ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകരുകയും, ചുവരുകള്‍ക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. റീപോളിങ് നടന്ന കല്യാശേരി പിലാത്തറ യുപി സ്കൂള്‍ 19-ാം ബൂത്തിലെ കോണ്‍ഗ്രസ് ഏജന്റായിരുന്നു പത്മനാഭന്.
പിലാത്തറയിലടക്കം കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഞാറാഴ്ചയാണ് റീപോളിങ് നടന്നത്. അതേസമയം റീപോളിങ് സമാധാനപരമായി കഴിഞ്ഞതിന് പിന്നാലെ സിപിഎം നടത്തിയ ഈ ആക്രമണം ആസൂത്രിതമാണെന്നും പരാജയഭീതിയാണ് ഇതിന് കാരണമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: