പെരിയ ഇരട്ടക്കൊലപാതകം കുറ്റപത്രം സമര്‍പ്പിച്ചു

Monday 20 May 2019 11:57 am IST

പെരിയ (കാസര്‍കോട്): പെരിയ കല്യോട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

900 പേജുള്ള കുറ്റപത്രത്തില്‍ 14 പ്രതികള്‍, 229 സാക്ഷികള്‍, 105 തൊണ്ടിമുതലുകളും അമ്പതോളം രേഖകളും പ്രതികള്‍ ഉപയോഗിച്ച അഞ്ച് കാര്‍, രണ്ട് ജീപ്പ്, അഞ്ച് ബൈക്ക് എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണുള്ളത്. അന്വേഷണ സംഘത്തിലെ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം.പ്രദീപ്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യക്തിവിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാം പ്രതി പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നും കുറ്റപത്രത്തിലുണ്ട്.

ഒന്നാംപ്രതി പീതാംബരന്‍, രണ്ടാംപ്രതി സജി.സി.ജോര്‍ജ്, മൂന്നാംപ്രതി സുരേഷ്, നാലാംപ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ആറാംപ്രതി ശ്രീരാഗ്, ഏഴാംപ്രതി അശ്വിന്‍, എട്ടാംപ്രതി സുബീഷ്, ഒന്‍പതാം പ്രതി മുരളി, പത്താംപ്രതി രഞ്ജിത്ത്, പതിനൊന്നാം പ്രതി പ്രദീപ് എന്ന കുട്ടന്‍, പന്ത്രണ്ടാം പ്രതി ആലക്കോട് മണി, പതിമൂന്നാം പ്രതി സിപിഎം ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍, പതിനാലാംപ്രതി സിപിഎം ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഒന്നാം പ്രതി പീതാംബരന്‍ അറസ്റ്റിലായതിന്റെ 90ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റ് നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നാല്‍ ഒന്നാംപ്രതിക്കും പിന്നാലെ മറ്റു പ്രതികള്‍ക്കും ജാമ്യം നല്‍കാമെന്ന് വ്യവസ്ഥയുണ്ട്. ഇത് തടയാനാണ് ഇന്നലെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചത്.

കേസിലെ രണ്ടാം പ്രതി സജി.സി.ജോര്‍ജ്, ഒമ്പതാംപ്രതി മുരളി, പത്താം പ്രതി രഞ്ജിത്ത് എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കാനായി കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനിടയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, ആലക്കോട്ടെ മണി എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റ് 11 പ്രതികളും ഇപ്പോഴും റിമാന്‍ഡിലാണ്.

ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ഒമ്പതു മുതല്‍ 11 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് കൊലപാതകത്തിന് സഹായങ്ങള്‍ ചെയ്തവരുമാണെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ചവരെന്ന് കണ്ടെത്തിയാണ് 12 മുതല്‍ 14 വരെ പ്രതികളെ ചേര്‍ത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.