ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തല്‍; മന്ത്രിയെ യോഗി പുറത്താക്കി

Monday 20 May 2019 6:01 pm IST

ലഖ്നൗ: ബിജെപി പ്രവര്‍ത്തകരെ ചെരുപ്പ് കൊണ്ട് അടിക്കാന്‍ ആഹ്വാനം ചെയ്ത്, ഭീഷണിപ്പെടുത്തിയ ഘടകകക്ഷി മന്ത്രിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് നീക്കി. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) നേതാവും  പിന്നാക്ക വികസന വകുപ്പ് മന്ത്രിയുമായ ഓംപ്രകാശ് രാജ്ഭറിനെയാണ് പുറത്താക്കിയത്. 

ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തിനു പിന്നാലെയാണ് നടപടി. എസ്ബിഎസ്പിക്ക് നല്‍കിയ വിവിധ കമ്മീഷന്‍, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും പിന്‍വലിച്ചു. കിഴക്കന്‍മേഖലയില്‍ ബിജെപിയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച ബിജെപി എംഎല്‍എ അനില്‍ രാജ്ഭര്‍ ആണ് പുതിയ  മന്ത്രി. 

ഗോസി ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് എസ്ബിഎസ്പി പിന്മാറുന്നുവെന്ന് ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അത്തരക്കാരെ ചെരുപ്പ് കൊണ്ട് അടിക്കണമെന്നും പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് ഓംപ്രകാശ് സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ 18ന് പോലീസ് കേസെടുത്തു. 

ലോക് സഭാ തെരെഞ്ഞെടുപ്പില്‍ വേണ്ടത്ര സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് യുപിയിലെ കിഴക്കന്‍ മേഖലകളിലെ പ്രചാരണത്തില്‍ നിന്ന് ഓംപ്രകാശ് പിന്മാറിയിരുന്നു. തുടര്‍ന്ന് അനില്‍ രാജ്ഭര്‍ ആണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.  ഓംപ്രകാശ് പിന്നാക്ക വിഭാഗങ്ങളുടെ നേതാവല്ലെന്നും അദ്ദേഹത്തിന്റെ കുടംബത്തിന്റെ നേതാവ് മാത്രമാണെന്നും ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.