ആദ്യ ഭീകരന്‍ ഹിന്ദുവാണെന്ന പരാമര്‍ശം: കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യം

Monday 20 May 2019 6:11 pm IST

മധുര: സ്വതന്ത്ര ഭാരതത്തിലെ ആദ്യ ഭീകരന്‍  ഹിന്ദുവായിരുന്നു എന്ന പരാമര്‍ശത്തിനെതിരെയുള്ള കേസില്‍ ചലച്ചിത്ര താരവും മക്കള്‍ നീതി മെയ്യം നേതാവുമായ  കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരവക്കുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പരാമര്‍ശം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഒരു ഹിന്ദുവായിരുന്നു, മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ആയിരുന്നു അത്.

മുസ്ലിമുകള്‍ കൂടുതലുള്ള പ്രദേശത്ത് കമല്‍ നടത്തിയ ഈ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് അരവക്കുറിച്ചി പോലീസ് സ്‌റ്റേഷനില്‍ കമലിനെതിരെ പരാതികളും ലഭിച്ചിരുന്നു.

ജനമൈത്രി തകര്‍ക്കുന്ന പ്രസംഗം നടത്തിയതിന് ഐപിസി 153(എ), 295(എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കമലിനെതിരെ കേസെടുത്തിരിക്കുന്നത്. കമലിന്റെ മുഴുവന്‍ പ്രസംഗവും വിലയിരുത്തിയ ശേഷമാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ ജാമ്യ ഉടമ്പടിക്കായി കരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനും കമലിന് ബെഞ്ച് നിര്‍ദേശം നല്‍കി. 

ഹിന്ദുക്കളെക്കുറിച്ചായിരുന്നില്ല, ഗോഡ്‌സെയെക്കുറിച്ച് മാത്രമായിരുന്നു തന്റെ പരാമര്‍ശം എന്നാണ് കമലിന്റെ ന്യായീകരണം.  താന്‍ അബദ്ധത്തില്‍ പറഞ്ഞതാണെന്നു  കാട്ടിയാണ് കമല്‍ കോടതിയോട് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കും മുന്‍പ് എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കമല്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഈ ഘട്ടത്തില്‍ എഫ്‌ഐആര്‍ തള്ളേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ കമലിനോട് നിര്‍ദേശിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.