തെര. ഫലവും എക്‌സിറ്റ് പോളുകള്‍ക്ക് സമാനമാകും: ജെയ്റ്റ്‌ലി

Monday 20 May 2019 6:43 pm IST
എക്‌സിറ്റ് പോളുകളില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ക്ക് ഒരു പങ്കുമില്ല. തെരഞ്ഞെടുപ്പ് ഫലം എക്‌സിറ്റ് പോളുകള്‍ പറഞ്ഞപോലെയാണെങ്കില്‍ പിന്നെ യന്ത്രങ്ങളെപ്പറ്റിയുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിലും ഒരു യുക്തിയുമില്ലാതാകും.

ന്യൂദല്‍ഹി: എക്സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെയുള്ള തെര. ഫലമാകും ഉണ്ടാവുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.  എക്‌സിറ്റ് പോളുകളുടെ കൃത്യതയെപ്പറ്റിയാണ് നാം പലരും തര്‍ക്കിക്കുന്നത്. പക്ഷെ എല്ലാ എക്‌സിറ്റ് പോളുകളും ഒരേ സന്ദേശം നല്‍കുമ്പോള്‍, ഫലവും അങ്ങനെ തന്നെയായിരിക്കുമെന്ന സൂചനയാണ് അത് നല്‍കുന്നത്. അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. 

എക്‌സിറ്റ് പോളുകളില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ക്ക് ഒരു പങ്കുമില്ല. തെരഞ്ഞെടുപ്പ് ഫലം എക്‌സിറ്റ് പോളുകള്‍ പറഞ്ഞപോലെയാണെങ്കില്‍ പിന്നെ യന്ത്രങ്ങളെപ്പറ്റിയുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിലും ഒരു യുക്തിയുമില്ലാതാകും.

2014ലെ തെരഞ്ഞെടുപ്പ് ഫലവും എക്‌സിറ്റ് പോള്‍ ഫലങ്ങളും ചേര്‍ത്ത് വായിച്ചാല്‍  ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ പക്വത കൈവരിച്ചതായി വ്യക്തമാകും. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നു വരുമ്പോള്‍ ജനങ്ങള്‍ ദേശീയ താല്പ്പര്യത്തിന് ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കിയെന്ന് മനസിലാക്കാം. ഒരേ ആശയമുള്ള, അര്‍ഥവത്തായി ചിന്തിക്കുന്നവര്‍ ഒരേ ദിശയില്‍ വോട്ട് ചെയ്യുമ്പോള്‍  അത് ഒരു തരംഗമായി മാറും. അദ്ദേഹം പറഞ്ഞു.

ഗാന്ധി കുടുംബം പഴയ പാര്‍ട്ടിക്ക് ബാധ്യതയായിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ ഒന്നാം കുടുബം ഇന്ന് ഒരു ആസ്ഥിയല്ല, ബാധ്യതയാണ്. ആ കുടുംബമില്ലാത അവര്‍ക്ക് ജനക്കൂട്ടങ്ങളെ കിട്ടില്ല. പക്ഷെ അവരെക്കൊണ്ട് വോട്ട് കിട്ടുകയുമില്ല. നേതാക്കളെ അവരുടെ കഴിവു കൊണ്ടാണ് വിലയിരുത്തുന്നത്.

ജാതിയും കുടുംബപ്പേരും വച്ചല്ല. അതിനാല്‍ ജാതിക്കതീതമായുള്ള പ്രധാനമന്ത്രിയുടെ ഉയര്‍ച്ചയും പ്രവര്‍ത്തനവും ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമായി. എതിരാളികള്‍ ചേര്‍ന്നുള്ള മുന്നണികളെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. അവരുടെ സഖ്യം നീളില്ല. ജാതിസഖ്യക്കണക്കും ഇനി സാധുവല്ല. അതിന് ദേശീയ താല്പ്പര്യത്തില്‍ ഒരു സ്ഥാനവുമില്ല.  അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.