ആലപ്പാട് കരിമണല്‍ഖനനം: സിബിഐ അന്വേഷണം വേണം- ശശികല ടീച്ചര്‍

Monday 20 May 2019 8:40 pm IST
ഖനനം അടിയന്തരമായി നിര്‍ത്തി പാരിസ്ഥിതിക ആഘാത പഠനം നടത്തണം. ഖനനം കൊണ്ട് തീരദേശത്ത് സംഭവിച്ച ആഘാതം എന്തൊക്കെയാണ്. ഇനി സംഭവിക്കാനിടയുള്ളത് എന്തൊക്കെ എന്ന കാര്യത്തിലാണ് പഠനം വേണ്ടത്. ഹിന്ദുഐക്യവേദിയുടെ പരിസ്ഥിതി വിഭാഗം വിദഗ്ധരെ ഉള്‍പ്പെടുത്തി ഇതേക്കുറിച്ച് പഠിക്കും.
"ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ നേതാക്കള്‍ക്കൊപ്പം ചെറിയഴീക്കലിലെ സമരപ്പന്തലില്‍"

കൊല്ലം: കരിമണല്‍ ഖനനത്തില്‍ ഉയരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ആലപ്പാട്, പന്മന പഞ്ചായത്തുകളിലെ കരിമണല്‍ ഖനനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കരിമണല്‍ ഖനന വിരുദ്ധ ജനകീയ സമരസമിതിയുടെ ചെറിയഴീക്കലിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍. 

ഖനനം അടിയന്തരമായി നിര്‍ത്തി പാരിസ്ഥിതിക ആഘാത പഠനം നടത്തണം. ഖനനം കൊണ്ട് തീരദേശത്ത് സംഭവിച്ച ആഘാതം എന്തൊക്കെയാണ്. ഇനി സംഭവിക്കാനിടയുള്ളത് എന്തൊക്കെ എന്ന കാര്യത്തിലാണ് പഠനം വേണ്ടത്. ഹിന്ദുഐക്യവേദിയുടെ പരിസ്ഥിതി വിഭാഗം വിദഗ്ധരെ ഉള്‍പ്പെടുത്തി ഇതേക്കുറിച്ച് പഠിക്കും.

55 വര്‍ഷമായുള്ള ഖനനത്തിലൂടെ ശേഖരിച്ച മണലില്‍ നിന്ന് മൂലകങ്ങള്‍ വേര്‍തിരിച്ചെടുത്ത ശേഷം ബാക്കി മണല്‍ തിരിച്ച് കൊണ്ടിട്ടിരുന്നെങ്കില്‍ ഇന്നത്തെ ദുഃസ്ഥിതി ഉണ്ടാകില്ലെന്ന തീരവാസികളുടെ അഭിപ്രായം മാനിക്കണം. കടലോരത്തുള്ളവരെ തീരത്തു നിന്ന് വളരെ അകലെ പുനരധിവസിപ്പിക്കുന്നത് ആശാസ്യമല്ല. ഖനനം പരിസ്ഥിതിക്കു മാത്രമല്ല, തീരദേശവാസികളുടെ സാമൂഹിക, സാംസ്‌ക്കാരിക ജീവിതത്തിനു തന്നെ കടുത്ത ആഘാതമുണ്ടാക്കി. 

ജീവനും സ്വത്തും സംസ്‌ക്കാരവുമെല്ലാം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് തീരദേശവാസികള്‍. അതുകൊണ്ട് തന്നെ സേവ് ആലപ്പാട് എന്ന സമരത്തിന് ഹിന്ദു ഐക്യവേദി പൂര്‍ണ പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.  ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സഹസംഘടനാ സെക്രട്ടറി സുശികുമാര്‍, സെക്രട്ടറി തെക്കടം സുദര്‍ശനന്‍, ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണന്‍ എന്നിവരും ശശികല ടീച്ചര്‍ക്കൊപ്പമുണ്ടായിരുന്നു. കരിമണല്‍ ഖനനവിരുദ്ധ സമരസമിതി ചെയര്‍മാന്‍ ചന്ദ്രദാസ്, ജനറല്‍ സെക്രട്ടറി സജീഷ്, ഷാജിത് ചന്ദ്രന്‍ എന്നിവര്‍ ഹിന്ദു ഐക്യവേദി നേതാക്കളോട് കാര്യങ്ങള്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.