വരാപ്പുഴ കസ്റ്റഡി മരണം; പോലീസുകാരെ വിചാരണ ചെയ്യാന്‍ അനുമതി

Tuesday 21 May 2019 6:30 am IST

കൊച്ചി: വരാപ്പുഴ ദേവസ്വംപാടം ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിഐയും എസ്‌ഐയും അടക്കം ഒമ്പത് പോലീസുകാരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവ്  ഇറക്കി.ശ്രീജിത്ത് കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാത്തതിനാല്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. 

എറണാകുളം റൂറല്‍ എസ്പി ആയിരുന്ന എ.വി ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ (ആര്‍ടിഎഫ്) അംഗങ്ങളായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, എം.എസ് സുമേഷ്, എസ്‌ഐ ദീപക്, സിഐ ക്രിസ്പിന്‍ സാം, എഎസ്‌ഐമാരായ സി.എന്‍ ജയാനന്ദന്‍, സന്തോഷ് ബേബി, സിപിഒ പി. ആര്‍ ശ്രീരാജ്, ഇ.ബി സുനില്‍കുമാര്‍ എന്നിവരെ വിചാരണ ചെയ്യാന്‍ അനുമതി വേണമെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി  സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. 

പോലീസുകാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകരുതാത്ത പ്രവൃത്തികള്‍ ഉണ്ടായെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ക്രിമിനല്‍ നടപടി നിയമസംഹിത വകുപ്പ് 197 പ്രകാരമുള്ള സംരക്ഷണത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരല്ലെന്നും ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പ്രതികളായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് 2018 ഏപ്രില്‍ ആറിന് ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയില്‍ എടുത്തത് .  പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനമാണ് ശ്രീജിത്തിന് ഏല്‍ക്കേണ്ടി വന്നത്. ചവിട്ടേറ്റ് ആന്തരിക അവയവങ്ങള്‍ തകര്‍ന്നു. സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് റൂറല്‍ പോലീസ് മേധാവിയ്‌ക്കെതിരെ വകുപ്പുതല നടപടി എടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.