ഒരേ വിഷയത്തില്‍ ഹര്‍ജി നല്‍കി ശല്യപ്പെടുത്തരുത് - സുപ്രീംകോടതി

Tuesday 21 May 2019 12:54 pm IST

ന്യൂദല്‍ഹി : വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സാങ്കേതിക വിദഗ്ധര്‍ നല്‍കിയ ഹര്‍ജിയും തള്ളി. നൂറ് ശതമാനവും വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സാങ്കേതിക വിദഗ്ധരാണ് ഹര്‍ജി നല്‍കിയത്.

ഇത്തരത്തില്‍ നിരന്തരം ഒരേ വിഷയത്തില്‍ ഹര്‍ജി നല്‍കുന്നത് ശല്യപ്പെടുത്തുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി അറിയിച്ചു. 

അമ്പത് ശതമാനം വിവിപാറ്റ് എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. എന്നാല്‍ ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് രസീതുകള്‍ എണ്ണാമെന്നായിരുന്നു കോടതി ഉത്തരവിട്ടത്.

ഇതിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല. പൊതു തെരഞ്ഞെടുപ്പിന്റെ ഫലം വ്യാഴാഴ്ച പുറത്തുവരാനിരിക്കേയാണ് വിവിപാറ്റ് എണ്ണുന്നത് സംബന്ധിച്ച് സാങ്കേതിക വിദഗ്ധരും ഹര്‍ജി നല്‍കിയത്. 

ഈ ആവശ്യം തന്നെ ഉന്നയിച്ച് ചന്ദ്രബാബു നായിഡു കമ്മീഷന് മുന്നില്‍ പ്രത്യക്ഷ സമരം ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതില്‍ ഇത്തവണയും എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ്.

തെരഞ്ഞെടുപ്പ് ഫലം എക്‌സിറ്റ് പോള്‍ പോലെ തന്നെ വന്നാല്‍  റീ പോളിങ് ആവശ്യപ്പെടുമെന്ന് എഎപി അറിയിച്ചിട്ടുണ്ട്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ ഇവിഎം മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.