വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതം : തെരഞ്ഞെടുപ്പ് കമ്മീഷന്‍

Tuesday 21 May 2019 1:49 pm IST


ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി പുറത്തുവന്നതോടെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതിന്റെ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷം ആരോപണം ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കവേണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇവിഎമ്മുകള്‍ സുരക്ഷയില്ലാതെ കൊണ്ടുപോകുന്നെന്ന രീതിയില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത് അടിസ്ഥാനരഹിതമാണെന്നും കമ്മീഷന്‍ അറിയിച്ചു. 

യുപിയിലെ ചന്ദൗലിയില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്‍ വിശദീകരണവുമായി എത്തിയത്. എല്ലാ ഇടങ്ങളിലെയും ഇവിഎമ്മുകള്‍ കൃത്യമായ ചട്ടപ്രകാരം തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവുമാണ്.

ആരോപണമുയര്‍ന്ന എല്ലാ ഇടങ്ങളിലും പോളിങ് സാമഗ്രികളും യന്ത്രങ്ങളും വിവിപാറ്റുകളും കൃത്യമായി എല്ലാ പാര്‍ട്ടി പ്രതിനിധികളുടെയും മുന്നില്‍ വച്ച് സീല്‍ ചെയ്ത്, ആ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുള്ളതുമാണ്. എല്ലായിടത്തും സിസിടിവി ക്യാമറകളുണ്ട്. കേന്ദ്രസേനയുടെ സംരക്ഷണവുമുണ്ട്. 

സ്‌ട്രോങ് റൂം നിരീക്ഷിക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് അവസരവുമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. സമാജ് വാദി പാര്‍ട്ടി പുറത്തുവിട്ട ചിത്രങ്ങള്‍ ചന്ദൗലിയില്‍ പോളിങ് ദിവസം ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ വച്ചിരുന്ന 35 റിസര്‍വ് ഇവിഎം യൂണിറ്റുകള്‍ മാറ്റുന്നതിന്റേതാണ്. ആദ്യം കൊണ്ടുവരാനുള്ള വാഹനങ്ങളും മറ്റു സൗകര്യങ്ങളും ഇല്ലാതിരുന്നതിനാലാണ് വോട്ടെടുപ്പ് നടന്ന ദിവസം കൊണ്ടുവരാതിരുന്നത്. അവസാനഘട്ടമായ മെയ് 19-നായിരുന്നു ചന്ദൗലിയില്‍ വോട്ടെടുപ്പ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.